എൽപിജി ബുക്ക് ചെയ്തു; ഭാര്യയുടെ കൊലപാതകത്തിൽ ഒളിവിലായിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തോമറിന്റെ പേരിലുള്ള എൽപിജി സിലിണ്ടർ ബുക്കിങ്ങുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ട്രാക്ക് ചെയ്താണ് പൊലീസ് ഇയാളുടെ അടുത്തെത്തിയത്

ചണ്ഡിഗഡ്: ഭാര്യയുടെ കൊലപ്പെടുത്തിയതിന് പിന്നാലെ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ മുൻ ഇന്ത്യൻ സൈനികനെ മധ്യപ്രദേശിൽ നിന്ന് പഞ്ചാബ് പൊലീസ് പിടികൂടി. സന്ദീപ് തോമർ എന്നയാളാണ് പിടിയിലായത്. ഒരു എൽപിജി സിലിണ്ടർ ബുക്ക് ചെയ്തതിന് പിന്നാലെയാണ് ഇയാളെ നാല് വർഷത്തെ തെരച്ചിലിന് ഒടുവിൽ പൊലീസ് പിടികൂടിയത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇയാളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചതിന് പിന്നാലെയാണ് തോമർ ഒളിവിൽ പോയത്.

തോമറിന്റെ പേരിലുള്ള എൽപിജി സിലിണ്ടർ ബുക്കിങ്ങുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ട്രാക്ക് ചെയ്താണ് പൊലീസ് ഇയാളുടെ അടുത്തെത്തിയത്. തോമറിന്റെ ഭാര്യാ പിതാവ് കോടതിയിൽ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്ക് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതോടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ സജ്ജീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എസ്‌ഐടിയും നാഷണൽ ഇന്റലിജൻസ് ഗ്രിഡും ചേർന്ന് തോമറിന്റെ യഥാർത്ഥ പാൻ കാർഡ് കണ്ടെത്തി. ഇതോടെ ഇയാളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താനായി. ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ട് ഈ പാൻ കാർഡുമായി ബന്ധപ്പെടുത്തിയിരുന്നു.

ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ചതോടെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് ഇതിലേക്ക് സാലറി ക്രെഡിറ്റാകുന്നുണ്ടെന്നും ഈ അക്കൗണ്ടുമായി ഒരു മൊബൈൽ നമ്പർ ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമായി. ഇതോടെ തോമർ മധ്യപ്രദേശിലെ പാംദുർണയിലുണ്ടെന്ന് മനസിലായി. കൂടുതൽ അന്വേഷണത്തിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ ഭാരത് ഗ്യാസിൽ നിന്നും എൽപിജി സിലിണ്ടറിന്റെ ഒരു ട്രാൻസാക്ഷനും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഗ്യാസ് ഏജൻസിയിൽ ബന്ധപ്പെട്ടതോടെയാണ് ഇയാൾ താമസിച്ചിരുന്ന വാടകവീട് പൊലീസ് കണ്ടെത്തിയത്. ഏജൻസി സ്ഥിരമായി ഇവിടെ സിലിണ്ടർ സപ്ലൈ ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത തോമറിനെ പൊലീസ് പഞ്ചാബിൽ എത്തിച്ചു.

2014ലാണ് തോമർ ഭാര്യ ശ്വേതയെ കഴുത്ത്‌ ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കൊലപാതകം ആത്മഹത്യയായി വരുത്തി തീർക്കാൻ ശ്രമിച്ചു. ഒടുവിൽ ഇയാൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതോടെ സേനയിൽ നിന്നും ഇയാളെ പിരിച്ചുവിട്ടിരുന്നു. ഫിറോസാപൂർ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇയാൾ 2019ൽ ജാമ്യത്തിലിറങ്ങി. പിന്നീട് ഹൈക്കോടതി, കീഴ്ക്കോടതി വിധി ശരിവച്ചതോടെ തോമർ ഒളിവിൽ പോകുകയായിരുന്നു.

Content Highlights: Punjab police investigation into a wife’s death led them to her husband, an ex-army personnel.

To advertise here,contact us