ന്യൂ ഡൽഹി:ആസ്ഥാനമന്ദിരങ്ങൾ ഒഴിയണം എന്നാവശ്യപ്പെട്ട് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും നോട്ടീസ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. കോൺഗ്രസിന് 24 അക്ബർ റോഡിലെ ഓഫീസ് ഒഴിയാനും യൂത്ത് കോൺഗ്രസിന് റൈസിന റോഡിലെ ഓഫീസ് ഒഴിയാനുമാണ് നിർദേശം. റൈസിന റോഡിൽ പുതിയ ഓഫീസ് നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ ഓഫീസ് ഒഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ.
1978ലാണ് 24 അക്ബർ റോഡിലെ കെട്ടിടത്തിലേക്ക് കോൺഗ്രസ് ആസ്ഥാനം മാറ്റിയത്. കോൺഗ്രസ്, യൂത് കോൺഗ്രസ് ഓഫിസുകൾ ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്. ഓഫീസ് ഒഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. നിയമവിരുദ്ധമായ, രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് എന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. രണ്ട് കെട്ടിടങ്ങളും നിലനിർത്തുമെന്നും അവ തങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ് എന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞത്.
2025 ജനുവരിയിലാണ് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറിയത്. ഇന്ദിര ഭവൻ എന്ന് പേരിട്ട മന്ദിരം സോണിയ ഗാന്ധിയാണ് ഉദഘാടനം ചെയ്തത്. കോട്ല മാർഗിൽ ആണ് പുതിയ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.
Content Highlights: The Central Public Works Department has issued eviction notices to the Congress and Youth Congress, directing them to vacate their offices in Delhi.