അപകടകരമായ 'ചാണക പൗഡർ' വിൽപ്പന നടത്തി; ആറുപേർ പിടിയിൽ; 250 കിലോയും പിടിച്ചെടുത്തു

ചെറുവ്യാപാരികളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം

കോയമ്പത്തൂർ: നിരോധക്കപ്പെട്ട 'ചാണക പൗഡർ' വിൽപ്പന നടത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ. ചാണകം മെഴുകാനായി ഉപയോഗിക്കുന്നതും സർക്കാർ നിരോധിച്ചതുമായ പൗഡർ വിൽപ്പന നടത്തിയവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 250 കിലോ ചാണക പൗഡറും പിടിച്ചെടുത്തു. ഒരു സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രമാണ് ഇത്രയും രാസവസ്തു പിടികൂടിയത്.

കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹോൾ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കടകളിലാണ് പരിശോധന നടന്നത്. ചാണക പൗഡറായി ഉപയോഗിക്കുന്ന ട്രൈഫിനൈൽ മീഥെെൻ, മീഥെെൻ ഡൈ എന്നിവയാണ് പിടിച്ചെടുത്തത്. തിരുനീലകണ്ഠൻ, വസന്തി, സെൽവം, ഗുണനാഥൻ, ശിവകുമാർ, മനോഹരം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചെറുവ്യാപാരികളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം. ഇവർക്ക് രാസവസ്തു വിതരണം ചെയ്ത ശാന്തി ഡൈസ്, സേലം ബാക്ക് മൂൺ ആൻഡ് കമ്പനി, ചെന്നൈ തുളസി കളർ ട്രേഡേഴ്സ്, ഈറോഡ് ശ്രീ മംഗലേശ്വരി ഏജൻസി, അഹമ്മദാബാദ് കോത്താരി കെമിക്കൽസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

ചാണക പൗഡർ കാരണം ഒട്ടേറെ പേർ ചികിത്സ തേടിത്തുടങ്ങിയതോടെയാണ് തമിഴ്നാട് സർക്കാർ ഇവ നിരോധിച്ചത്. ചാണകം തേക്കുമ്പോൾ മഞ്ഞ കളർ ലഭിക്കാനാണ് മീഥെെൻ ഡൈ ഉപയോഗിക്കുന്നത്. പച്ച കളർ ലഭിക്കാനായാണ് ട്രൈഫിനൈൽ മീഥെെൻ ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ കൊങ്കു മേഖലയിൽ ചാണക പൗഡർ ഉപയോഗിക്കാറുണ്ട്. വീടുകളിലും ക്ഷേത്രങ്ങളിലും ചാണകം മെഴുകുന്നതിന് പകരമായും ഉറുമ്പ് വരാതെയിരിക്കാനുമാണ് ഇവ ഉപയോഗിക്കുന്നത്.

Content Highlights: Six individuals were arrested for allegedly selling banned cow dung powder, a substance prohibited by the government. The accused were involved in the illegal distribution of the product, commonly used for coating purposes

To advertise here,contact us