ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ 2000ലേറെ സർവ്വീസുകൾ നിർത്തിയിരുന്നു. ഏകദേശം 30 സർവ്വീസുകൾ മാത്രമാണ് മേഖലയിലേക്ക് നടത്തിയത്.
ആഭ്യന്തര വിമാനയാത്രക്കാരുടെ നിരക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കികൊണ്ട് കേന്ദ്രസർക്കാർ ഉടൻ ഉത്തരവിറക്കും. നിരക്ക് പരിധി നിയന്ത്രണം മാർച്ച് 23 മുതൽ പിൻവലിക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വിമാനയാത്രയുടെ നിരക്ക് വർധിച്ചേക്കും.
വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ടിക്കറ്റ് വില സുതാര്യവും നീതിയുക്തവുമായി നിലനിർത്തി, നിരക്കുകൾ നിശ്ചയിക്കുന്നതിൽ അച്ചടക്കം പാലിക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യംവന്നാൽ നിരക്കിലുള്ള നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.നിയന്ത്രണം നീക്കുന്നത്തോട് കൂടി വിമാനക്കമ്പനികൾക്ക് വിപണിയിലെ ഡിമാൻഡിനനുസരിച്ച് ടിക്കറ്റ് ചാർജ് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കും. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ ആഭ്യന്തര സർവ്വീസുകൾ നടത്തുന്ന വിമാനക്കമ്പനികൾക്ക് ഇനി ഡൈനാമിക് പ്രൈസിംഗ് രീതിയിലേക്ക് മാറാൻ കഴിയും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള വിമാന ഇന്ധനവിലയിലിണ്ടായ വർധന വിമാനക്കമ്പനികളെ സമ്മർദത്തിലാക്കിയതോടെയാണ് ടിക്കറ്റ് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. നിരക്ക് പരിധി നിയന്ത്രണം തുടരുന്നത് വിമാനക്കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യം തുടർന്നാൽ ചില വിമാനക്കമ്പനികളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകുമെന്നും ഫെഡറേഷൻ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highligts: Air India is set to increase ticket prices after the central government lifted restrictions on passenger ticket prices