ന്യൂഡല്‍ഹി: ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈദ്, നൗറൂസ് ആശംസകള്‍ അറിയിച്ചെന്നും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ആഘോഷവേള പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാന് പ്രസിഡന്റുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി അറിയിച്ചത്.
പശ്ചിമേഷ്യന്‍ മേഖലയില്‍ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. അവ പ്രാദേശിക സ്ഥിരത തകര്‍ക്കുകയും ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാന സമുദ്രപാതകളിലൂടെ ആഗോള വ്യാപാരം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു. കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെയും സമുദ്രപാതകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ആവര്‍ത്തിച്ചെന്നും മോദി വ്യക്തമാക്കി.
ഇസ്രയേല്‍- ഇറാന് യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉപരോധങ്ങളില്‍ യുഎസ് താല്‍ക്കാലിക ഇളവ് വരുത്തിയതോടെ ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങാന്‍ പദ്ധതിയിടുകയാണ് ഇന്ത്യന്‍ റിഫൈനറികള്‍. ഏഷ്യയിലെ മറ്റ് രാജ്യങ്ങളും സമാനമായ നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുമെന്നാണ് വിവരം. പെയ്മെന്റ് നിബന്ധനകള്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് റിഫൈനറികള്‍.
Content Highlights: PM Narendra Modi speaks to Iranian President over phone; discusses current situation in West Asia