കൊൽക്കത്ത: പ്രധാമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ നുഴഞ്ഞുകയറ്റക്കാരനെന്ന് പറഞ്ഞ മമത, തങ്ങളുടെ സംസ്ഥാനത്തെ ലക്ഷ്യമിടുന്നവരുടെ സ്ഥാനം നരകത്തിലാണെന്നും ആഞ്ഞടിച്ചു. ശനിയാഴ്ച നടന്ന ഈദ് പരിപാടിയിലായിരുന്നു മമത മോദിക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്. വോട്ടർപട്ടിക പരിഷ്കരണം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും മമത പറഞ്ഞു.
'ബംഗാളിനെ ലക്ഷ്യമിടുന്നവരുടെ സ്ഥാനം നരകത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സർക്കാരുമാണ് ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാർ.' മമത തുറന്നടിച്ചു. മോദിയെയോ ബിജെപിയെയോ തങ്ങളുടെ വോട്ടവകാശം തട്ടിയെടുക്കാൻ അനുവദിക്കില്ല. എസ്ഐആറിനെ തുടർന്ന് നിരവധി ആളുകളുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. താൻ അതിന് എതിരെ കൊൽക്കത്ത മുതൽ ഡൽഹി വരെ പോരാടിയെന്നും മമത പറഞ്ഞു. 'ബിജെപിയെ തുരത്തു, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവും മമത ഉയർത്തി. അതിനിടെ മമതയുടെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ ബിജെപിയും രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് മമതയുടെ പ്രതികരണമെന്നാണ് ബിജെപി പറഞ്ഞത്. രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23, 29 തീയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബംഗാളിൽ എസ്ഐആർ നടപടികൾ ആരംഭിച്ചത് മുതൽ ശക്തമായ പ്രതിഷേധമായിരുന്നു മമത ബാനർജി ഉയർത്തിയത്. വ്യാപകമായി വോട്ടർമാരെ ഒഴിവാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നായിരുന്നു മമത ബാനർജിയുടെ ആരോപണം. എസ്ഐആറിനെതിരെ മമത ബാനർജി സുപ്രീംകോടതിയിൽ വാദിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Content Highlights: Mamata Banerjee made a sharp remark against Narendra Modi during an Eid-related public event