ഹിപ്പോ ആക്രമണത്തിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; സമീക്ഷയ്ക്ക് നിർദേശം നൽകിയത് ആരെന്നതിൽ അവ്യക്തത, അന്വേഷണം

പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലുളള ത്യാവരെകൊപ്പ ടൈഗര്‍ ആന്‍ഡ് ലയണ്‍ സഫാരിയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ച്ചയെക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഒരു ട്രെയിനി ഡോക്ടര്‍ക്ക് രാത്രിയില്‍ ഹിപ്പോപ്പൊട്ടാമസ് ഉളള എന്‍ക്ലോഷറിനുളളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത് ആരാണ് എന്നതുള്‍പ്പെടെയുളള കാര്യങ്ങളിലാണ് അന്വേഷണം നടക്കുക. 27-കാരിയായ ഡോ. സമീക്ഷ റെഡ്ഡിയാണ് ഹിപ്പോയുടെ ആക്രമണത്തില്‍ മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതായിരു്‌നനു സമീക്ഷ. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഹിപ്പോ ഡോക്ടറെ ആക്രമിച്ചത്. പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്ലാതെ ട്രെയിനിയായ ഡോക്ടറെ ഒറ്റയ്ക്ക് എന്‍ക്ലോഷറിനുളളില്‍ പ്രവേശിക്കാന്‍ അനുവദിച്ചത് ആരാണ് എന്ന ചോദ്യം സമീക്ഷയുടെ കുടുംബം ഉന്നയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ശിവമോഗ പൊലീസ് കേസെടുത്തിരുന്നു.

ദക്ഷിണ അമേരിക്കന്‍ പക്ഷിയായ സണ്‍ കോനുറിന് മരുന്ന് നല്‍കാനായിരുന്നു സമീക്ഷ റെഡ്ഡി അന്ന് എന്‍ക്ലോഷറിനുളളിലേക്ക് പോയത്. പക്ഷിയുടെ ചികിത്സയുടെ ഭാഗമായി 12 മണിക്കൂര്‍ ഇടവേളയില്‍ രണ്ടുതവണ ആന്റിബയോട്ടിക് നല്‍കേണ്ടിയിരുന്നു. പക്ഷിക്ക് ആന്റി ബയോട്ടിക് നല്‍കാനാണ് രാത്രി വൈകിയും സമീക്ഷ മൃഗശാലയില്‍ തുടര്‍ന്നതെന്ന് മൃഗശാലയിലെ വെറ്ററിനറി ഓഫീസര്‍ ഡോ. മുരളി മനോഹര്‍ പറഞ്ഞു. ഹിപ്പോപ്പൊട്ടാമസിന്റെ ആരോഗ്യനില പരിശോധിക്കാന്‍ സമീക്ഷയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസ് അഞ്ചുദിവസമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. ഹിപ്പോകളെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികമായ കാര്യമാണത്. അതിനെക്കുറിച്ചെല്ലാം ട്രെയിനികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍ ഹിപ്പോയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ ഞാൻ നിര്‍ദേശം നല്‍കിയിട്ടില്ല. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് ഹിപ്പോയുടെ ശരീരതാപനില പരിശോധിക്കാന്‍ പോയപ്പോഴാണ് അവര്‍ ആക്രമണത്തിന് ഇരയായത്': മുരളീ മനോഹര്‍ പറഞ്ഞു.

മൃഗശാലയുടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിഎം അമരക്ഷരയ്ക്കും ഡോക്ടറോട് ആരാണ് ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നത് സംബന്ധിച്ച് വിവരമില്ല. 'ഗര്‍ഭിണിയായ ഹിപ്പോ ദിവസങ്ങളായി വെളളത്തില്‍ നിന്ന് കരയ്ക്ക് കയറിയിരുന്നില്ല. ട്രെയിനി ഡോക്ടര്‍ ഒരുപക്ഷെ അത് കരയിലേക്ക് കയറില്ല എന്ന ധൈര്യത്തിലാകാം എന്‍ക്ലോഷറിനകത്തേക്ക് പ്രവേശിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്': അമരക്ഷര പറഞ്ഞു.

Content Highlights: Young doctor killed in hippo attack; unclear who ordered to check hippo's health investigation underway

To advertise here,contact us