'സ്ത്രീകളെ അപമാനിച്ചു'; നടി രഞ്ചന നാച്ചിയാർ ടിവികെ വിട്ട് ഡിഎംകെയിൽ ചേർന്നു

ടിവികെ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ പാർട്ടി നേതാക്കൾക്ക് കഴിയുന്നില്ലെന്ന് രഞ്ചന പറഞ്ഞു

ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെ വിട്ട് അഭിനേത്രി രഞ്ചന നാച്ചിയാർ ഡിഎംകെയിൽ ചേർന്നു. സ്ത്രീകളെ അപമാനിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താൻ ടിവികെ വിട്ടതെന്ന് താരം വ്യക്തമാക്കി. ടിവികെ നേതൃത്വത്തെ സമീപിക്കാൻ പോലും കഴിയില്ല. ടിവികെ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കാൻ പാർട്ടി നേതാക്കൾക്ക് കഴിയുന്നുമില്ലെന്ന് രഞ്ചന ആരോപിച്ചു.

പാർട്ടിയിലെ സ്ത്രീകൾ നിരന്തരമായി അപമാനിക്കപ്പെടുകയാണ്. പ്രത്യേകിച്ച് വിജയ്‌യുടെ ഭാഗത്തു നിന്നും അങ്ങനെയാണെന്നും രഞ്ചന ആരോപിക്കുന്നു. എട്ടു വർഷത്തോളം ബിജെപിയിൽ പ്രവർത്തിച്ച രഞ്ചന ത്രിഭാഷ നയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് അവിടം വിട്ടത്. വിജയ്ക്ക് ഉത്തരവാദിത്തമില്ലെന്നും രഞ്ചന കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രഞ്ചനയുടെ പാർട്ടി മാറ്റം.

പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ വിജയ്‌യെ അറിയിക്കാൻ താൻ ഒരുപാട് കഷ്ടപ്പെട്ടു. എന്നാൽ സ്റ്റാലിനെ സന്ദർശിക്കാൻ തനിക്ക് വളരെ വേഗം കഴിഞ്ഞുവെന്നും രഞ്ചന പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ടിവികെയ്‌ക്കൊപ്പമായിരുന്നു. പാർട്ടിയുടെ പ്രസ്താവനകളും പ്രവർത്തനങ്ങളും അംഗീകരിക്കാൻ കഴിയില്ല. പ്രധാന പ്രശ്‌നങ്ങളിലൊന്നും ഒരു ഉത്തരവാദിത്തവും കാണിക്കുന്നില്ല. മാത്രമല്ല അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിജയ് നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വിശദീകരിച്ചു.

എങ്ങനെയാണ് 25വർഷത്തെ ബന്ധം ഒരാൾ വളരെ സാധാരണമായി ഉപേക്ഷിക്കാൻ കഴിയുക. നാളെ ഇതു തന്നെയാകും ജനങ്ങളെ കുറിച്ചും വിജയ്‌യുടെ നിലപാടെന്നും രഞ്ചന കുറ്റപ്പെടുത്തുന്നു. മാത്രമല്ല തന്റെ പ്രവർത്തനങ്ങൾക്കൊന്നും പാർട്ടിക്കുള്ളിൽ നിന്നും ഒരു സ്വീകാര്യതയും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ടിവികെയെ നന്നായി നയിക്കണമെങ്കിൽ വിജയ് പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹരിക്കണമെന്നും അവർ ഉപദേശിച്ചു.

Content Highlights: Actress Ranjana Nachiyar quits Vijay’s TVK and joins DMK in Chennai, citing alleged disrespect towards women

To advertise here,contact us