'ജീൻസും ടീഷർട്ടും ധരിച്ച് ഓഫീസിൽ വരരുത്, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം വേണ്ട'; ഉത്തരവുമായി ഹിമാചൽ സർക്കാർ

പുരുഷ, സ്ത്രീ ജീവനക്കാർ ജീൻസും ടീഷർട്ടും ധരിക്കരുതെന്നാണ് നിർദേശം

ഷിംല: ജീവനക്കാർക്കായി കർശനമായ ഡ്രസ് കോഡുമായി ഹിമാചൽ പ്രദേശ് സർക്കാർ. ജീൻസ്, ടീ ഷർട്ടുകൾ, പാർട്ടി വെയർ എന്നിവയ്ക്ക് ഓഫീസുകളിലും കോടതികളിലും നിരോധനം ഏർപ്പെടുത്തി. ഇതിന് പുറമേ സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ - മതപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തരുതെന്നും കർശന നിർദേശമുണ്ട്. ചീഫ് സെക്രട്ടറി സഞ്ജയ് ഗുപ്തയാണ് മാർഗനിർദേശം പുറത്തിറക്കിയത്. എല്ലാ സർക്കാർ ജീവനക്കാരും ഫോർമലായ വൃത്തിയും മാന്യതയുമുള്ള തിളക്കം കുറഞ്ഞ വസ്ത്രം ധരിക്കണമെന്നാണ് ഇതിൽ പറയുന്നത്.

പുരുഷന്മാരായ ജീവനക്കാർക്ക് ഷൂ അല്ലെങ്കിൽ സാൻഡലുകൾ ധരിക്കാം. വസ്ത്രമാണെങ്കിൽ പാന്റോ ട്രൗസറോ കോളറുള്ള ഷർട്ടോ ധരിക്കാം. സ്ത്രീകൾക്ക് സാരി, ഫോർമൽ സ്യൂട്ടുകൾ, സൽവാർ, ചുരിദാർ, ദുപ്പട്ടയും കുർത്തയും ധരിക്കുന്നതിനൊപ്പം പാന്റും ഷർട്ടും ധരിക്കാം. ചെപ്പൽ, സാൻഡൽ, ഷൂ എന്നിവയാണ് ഇവയ്‌ക്കൊപ്പം ധരിക്കേണ്ടത്. ജീവനക്കാർ ആരും ജീൻസോ ടീഷർട്ടോ ധരിക്കാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്.

കാഷ്വലായുള്ള വേഷങ്ങൾ ധരിച്ച് ചില ജീവനക്കാർ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സർക്കാർ സ്‌കീമുകൾ പങ്കുവയ്ക്കുകയും ഉത്പന്നങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2017 ഓഗസ്റ്റ് 3ന് സമാനമായ മാർഗനിർദേശങ്ങൾ നൽകിയിട്ടും പല ജീവനക്കാരും അത് പാലിക്കാൻ തയ്യാറായിട്ടില്ലെന്നും പുതിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർവീസിൽ മാന്യതയും മര്യാദയും നിലനിർത്തുകയാണ് ഡ്രസ് കോഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവിലുണ്ട്. സർക്കാർ ഓഫീസിലുള്ള ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തിരിച്ചറിയാൻ വേണ്ടിയാണിതെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ നയങ്ങൾ, സ്‌കീമുകൾ എന്നിവയെ കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്താൻ പാടില്ലെന്നും ഇതിൽ പറയുന്നു. മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Content highlights: The Himachal Pradesh government has mandated a strict formal dress code for employees, banning jeans, T-shirts and party wear in offices and courts.

To advertise here,contact us