'വ്യക്തിസ്വാതന്ത്ര്യത്തിന് മുകളില്ല മതസ്വാതന്ത്ര്യം'; ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന് ഇന്ദിരാ ജയ്സിങ്

ബിന്ദു അമ്മിണിക്കും കനകദുർഗക്കുമായി സുപ്രീംകോടതിയിൽ ഹാജരായത് ഇന്ദിരാ ജയ്സിങായിരുന്നു

ന്യൂ ഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. സ്ത്രീസ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും മുകളിലല്ല മതസ്വാതന്ത്ര്യമെന്ന് നിലപാടറിയിച്ചാണ് ഇന്ദിര ജയ്സിങ് സുപ്രീംകോടതിയെ സമീപിച്ചത്. പൊതുതാൽപര്യ ഹർജിയിലൂടെ കോടതികൾക്ക് മതാചാര വിഷയങ്ങളിൽ ഇടപെടാനാകുമെന്നും ഇന്ദിര സുപ്രീംകോടതിയിൽ എഴുതി നൽകി. ബിന്ദു അമ്മിണിക്കും കനകദുർഗക്കുമായി സുപ്രീംകോടതിയിൽ ഹാജരായത് ഇന്ദിരാ ജയ്സിങായിരുന്നു.

കഴിഞ്ഞ ദിവസം വിഷയത്തിലെ നിലപാട് മയപ്പെടുത്തി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ഇന്ദിര ജയ്സിങ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത് എന്നുമാണ് യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. സ്ത്രീപ്രവേശനം ഗുരുതരമായ മനുഷ്യാവകാശലംഘനം അല്ലെന്നും സർക്കാർ നിലപാടറിയിച്ചു. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്.

മതസ്വാതന്ത്ര്യത്തെയും അതിലെ കോടതി ഇടപെടലുകളെയും സംബന്ധിച്ച ഏഴ് ചോദ്യങ്ങൾക്കാണ് സർക്കാർ മറുപടി നൽകിയത്. ശബരിമല സ്ത്രീപ്രവേശന ആവശ്യത്തില്‍ പൊതുതാല്‍പര്യമില്ല എന്നും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ തീരുമാനമെടുക്കാനാവില്ല എന്നും സർക്കാർ നിലപാടറിയിച്ചു. യുക്തിയുടെയോ വികാരത്തിന്റെയോ അടിസ്ഥാനത്തില്ല വിശ്വാസം പരിശോധിക്കേണ്ടത്. വിശ്വാസം ആത്മാര്‍ത്ഥമായി പുലര്‍ത്തുന്നതാണോ എന്നാണ് പരിശോധിക്കേണ്ടത്. മതവിഭാഗത്തിന്റെ ആഭ്യന്തര ആചാരങ്ങള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ചോദ്യം ചെയ്യാനാവില്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സ്ത്രീപ്രവേശനം തടയുന്നത് ഗുരുതര മനുഷ്യാവകാശലംഘനം അല്ല എന്നും നരബലി പോലെയുള്ള കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം ഇടപെടാം എന്നും സർക്കാർ നിലപാടറിയിച്ചിരുന്നു.

Content Highlights: Senior advocate Indira Jaising moves Supreme Court seeking women’s entry to Sabarimala, stating religious freedom cannot override gender equality and women’s constitutional rights.

To advertise here,contact us