ന്യൂഡല്‍ഹി: ഉള്ളിയിലെയും വെളുത്തുള്ളിയിലെയും 'നെഗറ്റീവ് എനര്‍ജി'യെക്കുറിച്ച് ശാസ്ത്രീയപഠനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. അഭിഭാഷകനായ സച്ചിന് ഗുപ്തയാണ് ഇതുള്‍പ്പെടെ അഞ്ച് പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയത്.
ജൈനമത വിശ്വാസികളുടെ ഭക്ഷണശീലത്തെ ചോദ്യം ചെയ്ത് അവരുടെ വികാരം വ്രണപ്പെടുത്തുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അടിസ്ഥാനമില്ലാത്തവയാണെന്ന് വിമര്‍ശിച്ച് ഹര്‍ജികളെല്ലാം കോടതി തള്ളി.
പാതിരാത്രിയിലിരുന്നാണോ ഈ ഹര്‍ജികള്‍ തയ്യാറാക്കിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇനിയും ഇത്തരം ഹര്‍ജിയുമായി വന്നാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്കി.
മദ്യത്തിലെയും പുകയില ഉത്പന്നങ്ങളിലെയും ദോഷകരമായ വസ്തുക്കള്‍ നിയന്ത്രിക്കണം, സ്വത്ത് രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശങ്ങളിറക്കണം, ക്ലാസിക്കല്‍ ഭാഷാപദവി നല്കാന് മാര്‍ഗരേഖ വേണം എന്നിങ്ങനെയായിരുന്നു മറ്റ് ഹര്‍ജികളിലെ ആവശ്യങ്ങള്‍. ഈ ഹര്‍ജികളെല്ലാം അവ്യക്തവും കൃത്യമായ നിയമാടിത്തറയില്ലാത്തതുമാണ് കോടതി വിമര്‍ശിച്ചു. ഹര്‍ജി നല്‍കിയത് അഭിഭാഷകനല്ലായിരുന്നെങ്കില്‍ വന്‍തുക പിഴചുമത്തിയേനെയെന്നും പറഞ്ഞു.
Content Highlights: Supreme Court Tears Into ‘Tamasic Onion, Garlic’ Pil