'രണ്ട് വർഷത്തിനിടെ ഒഡീഷയിൽ 54 വർ​ഗീയ കലാപങ്ങളും ഏഴ് ആൾക്കൂട്ടക്കൊലപാതകങ്ങളും'; മുഖ്യമന്ത്രി നിയമസഭയിൽ

2024 ജൂൺ മുതലുള്ള കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയത്

ഭൂവനേശ്വർ: ഒഡീഷയിൽ രണ്ട് വ‍ർഷത്തിനിടെ 54 വർ​ഗീയ കലാപങ്ങളും ഏഴോളം ആൾക്കൂട്ടക്കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്തതായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി. 2024 ജൂൺ മുതലുള്ള കണക്കുകൾ ചൂണ്ടിക്കാട്ടി നിയമസഭയിലായിരുന്നു മോഹൻ ചരൺ മാഞ്ചി ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 50 ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുറഞ്ഞത് 300 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കലാപങ്ങൾക്ക് പിന്നിൽ വലതുപക്ഷ പാർട്ടിക്കാരാണെന്നും സംസ്ഥാനത്തെ സംഘർഷങ്ങൾ ബിജെപി സർക്കാരിൻ്റെ വീഴ്ചയാണെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.

ഏറ്റവും കൂടുതൽ വർ​ഗീയ കലാപങ്ങൾ നടന്നത് ബാലസോർ ജില്ലയിലാണ്. 24 കലാപങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ ഭൂവനേശ്വറിൽ ഉൾപ്പെടുന്ന ഖുർദ ജില്ലയിലാണ് രണ്ടാമതായി ഏറ്റവും അധികം കലാപങ്ങൾ റിപ്പോർട്ട് ചെയ്തത്. 16 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ കണക്കുകളിൽ കഴിഞ്ഞ ഒക്ടോബറിൽ ദുർഗാ പൂജയ്ക്കിടെ നടന്ന കലാപത്തെ കുറിച്ച് പരാമർശിക്കുന്നില്ല. 2025 ഒക്ടോബറിൽ കട്ടക്ക് നഗരത്തിൽ ദുർ​ഗാ പൂജയ്ക്കിടെ സംഘർഷമുണ്ടാവുകയും അത് വർഗീയ ആക്രമങ്ങളിൽ കലാശിക്കുകയും ചെയ്തിരുന്നു.

വിദ്വേഷ കുറ്റകൃത്യങ്ങളും വർഗീയ സംഘർഷങ്ങളും വർദ്ധിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള സമാധാന സമിതികൾ വഴിയും തദ്ദേശ ഭരണകൂടം വഴിയും സ്ഥിതി​ഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകിയത്. സമൂഹത്തിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ 20 മാസത്തിനിടെ വർഗീയ സംഭവങ്ങളുടെ പേരിൽ ഒഡീഷയിലെ ആറോളം പട്ടണങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് വിലക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതുൾപ്പെടെയുള്ള സംഘർഷങ്ങളാണ് ഇവിടെ നടന്നിരുന്നത്. വലതുപക്ഷ പാർട്ടിക്കാരായിരുന്നു മിക്ക കേസുകളിലും പ്രതികൾ.

2024 ജൂണിൽ ബിജെപി ആദ്യമായി ഒറ്റയ്ക്ക് സർക്കാർ രൂപീകരിച്ച ശേഷമാണ് സംസ്ഥാനത്ത് വർഗീയ സംഘർഷം വർദ്ധിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒഡീഷയിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം വർ​ഗീയ കുറ്റകൃത്യങ്ങൾ വൻ തോതിൽ വർദ്ധിച്ചതായാണ് പറയുന്നത്.

Content Highlights: Odisha Chief Minister Mohan Charan Majhi said that 54 communal riots and seven lynchings have been reported in Odisha in the last two years

To advertise here,contact us