മുന്‍കൈയെടുത്ത് തൃണമൂല്‍; ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ ഇന്‍ഡ്യാ സഖ്യം

സുപ്രീംകോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് സമാനമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കാൻ പ്രമേയം കൊണ്ടുവരാനൊരുങ്ങി ഇൻഡ്യാ സഖ്യം. ഇൻഡ്യാ സംഖ്യത്തിൻ്റെ യോ​ഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. തൃണമൂൽ കോൺഗ്രസ് നേതാവ് സതാബ്ദി റോയിയാണ് ഈ വിഷയം ഉന്നയിച്ചത്. തൃണമൂലിൻ്റെ നിർദേശത്തെ കോൺഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പിന്തുണച്ചു. എസ്ഐആറിൽ വ്യാപക ക്രമക്കേട് ആരോപിച്ചാണ് നീക്കം. ബിഹാറിലും ബംഗാളിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി പ്രതിപക്ഷം ആരോപിച്ചു.

ലോക്സഭ സ്പീക്കർ ഓം ബിർളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന് ഒരു ദിവസം മുൻപ് ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിപക്ഷം ഈ നീക്കത്തെക്കുറിച്ച് ആലോചിച്ചുവരികയായിരുന്നു എന്നാണ് റിപ്പോർട്ട്. പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്‌നാട്, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിൻ്റെ സുപ്രധാന നീക്കം.

സുപ്രീംകോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് സമാനമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം. ഭരണഘടനയുടെ ആർട്ടിക്കിൾ 324 (5) അനുസരിച്ചാണ് നടപടിക്രമം.

Content Highlights: Opposition to move impeachment motion against CEC Gyanesh Kumar

To advertise here,contact us