'വിഷമിക്കരുത്, എല്ലാം ഞാൻ നോക്കിക്കോളാം'; വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ പരോക്ഷ പ്രതികരണവുമായി വിജയ്

പ്രവർത്തകരോട് ദുഃഖിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ലെന്ന് വിജയ്

ചെന്നൈ: വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ആദ്യമായി പരോക്ഷ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. വിഷയത്തിൽ പാർട്ടി പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്നും അത് താൻ കൈകാര്യം ചെയ്തോളാമെന്നും വിജയ് പറഞ്ഞു. വിഷയം പരാമർശിക്കാതെയായിരുന്നു വിജയ്‌യുടെ പ്രതികരണം. വനിതാ ദിനത്തോടനുബന്ധിച്ച് ചെങ്കൽപേട്ടിൽ നടത്തിയ പാർട്ടി പരിപാടിയിലായിരുന്നു വിജയ്‌യുടെ പ്രസംഗം.

'ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. നിങ്ങളെല്ലാം എനിക്ക് വേണ്ടി പോരാടുന്നവരാണ്. നിങ്ങൾ വേദനിക്കുന്നത് കാണുമ്പോൾ എനിക്കും ദുഃഖമുണ്ട്. എല്ലാം ഞാൻ നോക്കിക്കോളാം. അതിലാരും വിഷമിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യരുത്. അതിൽ എനിക്ക് സങ്കടമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും. നല്ലതേ നടക്കൂ. വിജയം ഉറപ്പ്' എന്നായിരുന്നു വിജയ് പറഞ്ഞത്.

വിവാഹമോചന ഹർജിയുമായി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും ആ ബന്ധത്തെ കുറിച്ച് 2021ൽ അറിഞ്ഞപ്പോൾ വിലക്കിയിട്ടും വീണ്ടും അത് തുടർന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും സംഗീത ഹർജിയിൽ പറഞ്ഞിരുന്നു. നീലാങ്കരയിലെ വീട്ടിൽ അകന്നു കഴിയുകയായിരുന്നുവെന്നും സംഗീത പറഞ്ഞു. 27 വർഷത്തെ ദാമ്പത്യത്തിനൊടുവിലായിരുന്നു സംഗീത കോടതിയെ സമീപിച്ചത്.

ഇതിനിടെ താൻ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിൽ താമസിക്കുന്ന വസതിയിൽ തനിക്ക് തുടരാനുള്ള അവകാശം ഉറപ്പാക്കുന്ന ഇടക്കാല ഉത്തരവ് നൽകണമെന്നാണ് സംഗീത കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സംഗീതയ്ക്കും മക്കളായ ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും കേൾക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിർദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ വിജയ് പരസ്യപ്രതികരണം നടത്തിയിരുന്നില്ല.

Content Highlight : Tamilaga Vettri Kazhagam leader and actor Vijay addresses divorce rumours, he tells fans not be feel sad or worried

To advertise here,contact us