ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിലെ ജനങ്ങള്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തി ടിവികെ നേതാവ് വിജയ്. ടിവികെ അധികാരത്തിലെത്തിയാല്‍ വനിതകളുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യുമെന്നും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുമെന്നും വിജയ് വാഗ്ദാനം ചെയ്തു. ടിവികെയുടെ വനിതാദിന ആഘോഷ പരിപാടിക്കിടെയായിരുന്നു വിജയ്യുടെ പ്രതികരണം.
60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കും. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതിയുടെ പരിരക്ഷ ലഭിക്കില്ല. കൂടാതെ 'അന്നപൂരണി സൂപ്പര്‍ സിക്സ് സ്കീം' എന്ന പേരില്‍ ഒരു വര്‍ഷം ഒരു കുടുംബത്തിന് ആറ് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ നല്‍കും. 'അണ്ണന് സീര്‍ തിട്ടം' പദ്ധതിയുടെ കീഴില്‍ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് എട്ട് ഗ്രാം സ്വര്‍ണവും ഗുണനിലവാരമുള്ള പട്ടുസാരിയും നല്‍കും. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനായി 'കര്മരാജാര് അഷുറന്‍സ് സ്കീമി'ന്റെ ഭാഗമായി വര്‍ഷം 15,000 രൂപ നല്‍കും. ഈ തുക വിദ്യാര്‍ത്ഥികളുടെ അമ്മയ്ക്കോ രക്ഷിതാവിനോ ആയിരിക്കും കൈമാറുക എന്നും വിജയ് പ്രതികരിച്ചു.
തമിഴ്നാട്ടിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിച്ച് സ്ത്രീകള്‍ക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കും. ഇത് തന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മുന്നോട്ട് പോകും. 'റാണി വേലു നാച്ചിയാര്‍ പടയ്' എന്ന പേരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഇല്ലാതാക്കാന്‍ പുതിയ പദ്ധതി ആരംഭിക്കും. പദ്ധതിയുടെ ലക്ഷ്യം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കാന്‍ വനിത ഉദ്യോഗസ്ഥരെ മഫ്തി വേഷത്തില്‍ വിവിധയിടങ്ങളില്‍ വിന്യസിക്കും. 500ലധികം സംഘങ്ങളായിരിക്കും ഇത്തരത്തില്‍ നഗരങ്ങളിലുണ്ടാവുക. കൂടാതെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്മാര്‍ട്ട് പാനിക് ബട്ടണുകള്‍ വിന്യസിക്കും. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവും പെട്ടെന്ന് പരിഹാരം കാണുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികളുണ്ടാക്കുമെന്നും വിജയ് പറഞ്ഞു.
പൊതുവിതരണ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യും. കൂടാതെ സ്ത്രീകളുടെ സ്വയം പര്യാപ്ത സംഘടനകള്‍ക്ക് 5 ലക്ഷം രൂപ വരെ വായ്പ രഹിത ലോണുകള്‍ നല്‍കും. 'തായ് മാമന് തങ്ക മോതിരം തിട്ടം' എന്ന പേരില്‍ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം നല്‍കുമെന്നും വിജയ്യുടെ പ്രഖ്യാപനത്തിലുണ്ട്.
Content Highlight; TVK Chief Vijay Announces Welfare Promises for Women, Marriage Gold and ₹2,500 Monthly Aid