ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മക്കൾ നീതി മയ്യം നേതാവും രാജ്യസഭാ അംഗവും നടനുമായ കമൽ ഹാസൻ. വിദൂര, വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉത്തരവ് സ്വീകരിക്കാൻ തങ്ങൾ ഇന്ത്യക്കാർ തയ്യാറല്ലെന്നും അമേരിക്ക മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും കമൽഹാസൻ പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെയാണ് വിമർശനം. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനം മാത്രമാണ് ശാശ്വതമായ ആഗോള സമാധാനത്തിന്റെ ഏക അടിത്തറയെന്നും കമൽഹാസൻ പറയുന്നു. അമേരിക്കൻ പ്രസിഡന്റിനെ അഭിസംബോധന ചെയ്താണ് കുറിപ്പ്. 'ഇന്ത്യയിലെ ജനങ്ങൾ സ്വാതന്ത്യവും പരമാധികാരവുമുള്ള രാഷ്ട്രത്തിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവ് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ അമേരിക്ക സ്വന്തം കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് നല്ലത്. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനം മാത്രമാണ് ശാശ്വതമായ ആഗോള സമാധാനത്തിന്റെ ഏക അടിത്തറ. നിങ്ങളുടെ രാജ്യത്തിനും അതിലെ ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ഞങ്ങൾ ആശംസിക്കുന്നു. കമൽ ഹാസൻ- അഭിമാനിയായ ഇന്ത്യൻ പൗരൻ' എന്നാണ് കുറിപ്പിൽ പറയുന്നത്.
പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അമേരിക്ക അനുമതി നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് കമൽ ഹാസന്റെ പ്രതികരണം.
Content Highlight : Makkal Needhi Maiam leader kamal haasan criticized us president donald trump and said mind your own business