മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ ചൂടാക്കി വിളമ്പി, ഭർത്താവുമായി തർക്കം; ജീവനൊടുക്കി 27കാരി

മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ ചൂടാക്കി വീണ്ടും വിളമ്പിയതിന് പിന്നാലെ കാവ്യയുമായി ഭർത്താവ് വഴക്കിടുകയായിരുന്നു

ബെംഗളൂരു: മൂന്ന് ദിവസം മുമ്പുണ്ടാക്കിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ കാവ്യയാണ് ആത്മഹത്യ ചെയ്തത്. 27കാരിയായ കാവ്യ മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ ചൂടാക്കി വീണ്ടും വിളമ്പുകയായിരുന്നു. ഇതേ ചൊല്ലി ഭർത്താവ് രംഗസ്വാമിയുമായി തർക്കമുണ്ടായി. തർക്കം കയ്യേറ്റത്തിലേക്ക് എത്തി. ഇതിൽ മനംനൊന്ത് യുവതി കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു.

കാവ്യക്ക് ശാരീരിക പ്രശ്‌നങ്ങളും ഛർദ്ദിയും ശ്രദ്ധയിൽപ്പെട്ട ബന്ധു വിവരം തിരക്കിയതോടെയാണ് കീടനാശിനി കഴിച്ച വിവരം പുറത്തറിയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം കീടനാശിനി കഴിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് വർഷം മുമ്പാണ് രംഗസ്വാമിയും കാവ്യയും വിവാഹിതരായത്. ഇരുവർക്കും നാല് വയസുള്ള കുട്ടിയുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : bengaluru women died after fight with husband over three day old sambar

To advertise here,contact us