ലഖ്നൗ: പൈൽസിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ലീവ് അനുവദിക്കാത്തതിന് തുടർന്ന് വസ്ത്രമൂരി മുറിവ് കാണിച്ച് കൊടുക്കേണ്ട ഗതികേടിലായി ലോക്കോ പൈലറ്റ്. ലഖ്നൗ റെയിൽ ഡിവിഷൻ ഓഫീസിൽ വെച്ചാണ് സംഭവം.
ഫെബ്രുവരി 22നാണ് ലോക്കോ പൈലറ്റായി രാജേഷ് മീണ പൈൽസിനുള്ള സർജറിക്ക് വിധേയനായത്. ഏറെ നാളായി പൈൽസിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയായിരുന്നു രാജേഷ്. പല ചികിത്സകളും ഫലിക്കാത്തതിനെ തുടർന്നാണ് സർജറിയ്ക്ക് വിധേയനാകേണ്ടി വന്നത്. ഇതിനായി ലീവിന് വേണ്ടി പല തവണ ഇയാൾക്ക് ഉന്നത ഉദ്യോഗസ്ഥരെ കാണേണ്ടി വന്നു. ഒടുവിൽ ഫെബ്രുവരി 22 മുതൽ 28 വരെ ലീവ് അനുവദിച്ചു.
എന്നാൽ ഈ സമയത്തിനുള്ളിൽ മുറിവ് ഉണങ്ങിയില്ല. തുടർന്നാണ് അവധി നീട്ടി നൽകാനുള്ള അപേക്ഷയുമായി ചീഫ് ക്രൂ കൺട്രോളർ (സിസിസി) രത്തൻ കുമാറിനെ രാജേഷ് വീണ്ടും സമീപിക്കുന്നത്. എന്നാൽ ലീവ് നീട്ടിനൽകാൻ സിസിസി തയ്യാറായില്ല. പൈൽസിനുള്ള ഓപ്പറേഷന്റെ വിവിധ മെഡിക്കൽ രേഖകളും ചിത്രങ്ങളും ഡോക്ടറുടെ കുറിപ്പും കൂടാതെ മുറിവിൽ കെട്ടുന്നതിനായി സ്ഥിരം കൊണ്ടുനടക്കുന്ന പഞ്ഞി പോലും ഇയാൾ സിസിസിയ്ക്ക് മുൻപിൽ ഹാജരാക്കി. പക്ഷെ രത്തൻ കുമാർ ലീവ് നൽകിയില്ല.
തുടർന്നാണ് കടുത്ത മാനസിക സമ്മർദത്തിലായി രാജേഷ് മീണ പാന്റ്സ് അഴിച്ച് മുറിവ് കാണിച്ച് കൊടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ ഒരു സഹപ്രവർത്തകൻ പകർത്തുകയായിരുന്നു. വീഡിയോ റെയിൽവേ ജീവനക്കാരുടെ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചു. സിസിസിയ്ക്ക് എതിരെ ശക്തമായ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
ഓൾ ഇന്ത്യ ലോക റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ രാജേഷിന് പിന്തുണയുമായി രംഗത്ത് എത്തി. ഇതിന് ശേഷമാണ് രാജേഷ് മീണയ്ക്ക് ലീവ് അനുവദിക്കപ്പെട്ടത്. രത്തൻ കുമാറിനെതിരെ കടുത്ത നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. രത്തൻ കുമാറോ ലഖ്നൗ ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Content Highlights: A loco pilot reportedly showed his post-surgery wound to a senior officer after his leave extension request following a piles operation was denied, triggering controversy and discussions on employee welfare.