ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ അപലപിച്ച് കോൺഗ്രസ്‌; ദുഃഖം രേഖപ്പെടുത്തി

ആയത്തുള്ള അലി ഖമനയിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ അപലപിച്ച് കോൺഗ്രസ്‌. യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ നടത്തിയ ഈ കൊലപാതകത്തിൽ ഖമനയിയുടെ കുടുംബത്തിൻ്റെയും ഇറാൻ ജനതയുടെയും ലോകമെങ്ങുമുള്ള ഷിയാ സമുദായ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

വ്യക്തമാക്കി.

ഇപ്പോൾ ഇറാനിലും നേരത്തെ വെനിസ്വേലയിലും പരമാധികാര രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ അസ്ഥിരപ്പെടുത്താനും ഭരണകൂടത്തെ മാറ്റാനുമുള്ള ഏകപക്ഷീയമായ നീക്കങ്ങളെയും ഖർഗെ വിമർശിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 51-ാം അനുഛേദ പ്രകാരം സംഭാഷണത്തിലൂടെയും അന്തർദേശീയ നിയമങ്ങൾക്ക് അനുസൃതമായും തർക്കങ്ങൾക്ക് സമധാനപരമായ പരിഹാരം തേടണമെന്നാണ് ഇന്ത്യൻ നിലപാടെന്ന് ഖാർഗെ പറഞ്ഞു.

‘വസുധൈവ കുടുംബക​’ത്തോടുള്ള നമ്മുടെ പ്രതിബദ്ധതക്കും മഹാത്മാ ഗാന്ധിയുടെ അഹിംസക്കും ജവഹർ ലാൽ നെഹ്റുവിന്റെ ചേരി ചേരാ നയത്തിനും വിരുദ്ധമാണ് പശ്ചിമേഷ്യൻ സംഘർഷമെന്ന് ഖർഗെ കൂട്ടിച്ചേർത്തു.

ജനാധിപത്യ ലോകത്തിന്റെ നേതാക്കളെന്ന് വിശേഷിപ്പിക്കുന്നവർ ഒരു പരമാധികാര രാജ്യത്തി​ന്റെ നേതാവിനെ കൊലപ്പെടുത്തിയതും നിരപരാധികളായ മനുഷ്യരെ കൊല്ലുന്നതും എന്തൊക്കെ കാരണം പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്നും അപലപിച്ചേ മതിയാകൂ എന്നും എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ കേന്ദ്രം മൗനംപാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മൗനം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും കോൺഗ്രസ്‌ പറഞ്ഞു. ഇന്ത്യ മുൻപൊരിക്കലും ഇത്രയും ദുർബലമായിട്ടില്ല. അമേരിക്കയെയും ഇസ്രയേലിനെയും വിമർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ മടി കാണിക്കുന്നുവെന്നും ഇന്ത്യ ഇതുവരെ നിലകൊണ്ട ആശയങ്ങളോടുള്ള വഞ്ചന എന്ന് കോൺഗ്രസ് നേതാക്കൾ ജയറാം രമേശും പവൻ ഖേരയും വ്യക്തമാക്കി.

Content Highlight : The Indian National Congress condemned the killing of Iran’s Supreme Leader Ayatollah Ali Khamenei, stating that the use of force to destabilise a leadership was disturbing.

To advertise here,contact us