ന്യൂഡൽഹി: ഇസ്രയേൽ- അമേരിക്കൻ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതിൽ ജമ്മു കശ്മീരിലും പ്രതിഷേധം. പ്രദേശത്തെ ഷിയ മുസ്ലിം വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജമ്മു കശ്മീരിലെ യുഎന്നിന്റെ മിലിട്ടറി ഒബ്സർവേഷൻ ഗ്രൂപ്പ് ആസ്ഥാനത്തിന് മുന്നിലും ശ്രീനഗർ, ബന്ദിപ്പോര, സോനാവാരി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നതായാണ് വിവരം. പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തതായും പ്രതിഷേധക്കാർ ഇസ്രയേൽ- അമേരിക്കൻ വിരുദ്ധ മുദ്രാവാക്യമുയർത്തുകയും ചെയ്തതായാണ് വിവരം.
ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂരി' ആക്രമണത്തിൽ ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ച് ഖമനയി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഖമനയിയുടെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കയാണ്. ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടു. ഇറാൻ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ, റവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പക് പൗർ എന്നിവരും കൊല്ലപ്പെട്ടു.
Content Highlights: thousands protest in jammu kashmir against Ayatollah Ali Khamenei death, protesters raise slogans against america and israel