അവധി ആഘോഷിക്കാൻ യുഎഇയിലേക്ക്; നടി ശുഭശ്രീയും മകനും ദുബായിൽ കുടുങ്ങി, ആശങ്ക പങ്കുവച്ച് പങ്കാളി

വിഷമഘട്ടത്തിലാണെങ്കിലും പരിഭ്രാന്തരല്ലെന്നും തന്റെ കുടുംബം പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

കൊൽക്കത്ത: യുഎസ് ഇറാൻ സംഘർഷത്തിനിടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രശസ്ത ബംഗാളി താരം ശുഭശ്രീ ഗാംഗുലിയും മകൻ യുവാനും ദുബായിലെ ഹോട്ടലിൽ കുടുങ്ങി. അവധി ആഘോഷിക്കാനെത്തിയ ശുഭശ്രീയും മകനും പാം ജുമൈറയിലെ ഹോട്ടലിലാണ് ഉള്ളതെന്ന് അവരുടെ ഭർത്താവും നിർമാതാവും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ രാജ് ചക്രബർത്തി പിടിഐയോട് പറഞ്ഞു. മകൻ കൂടെയുള്ളതിനാൽ ആശങ്കയുണ്ടെന്നും ഇരുവരും താമസിക്കുന്ന ഹോട്ടലിന് സമീപം സ്‌ഫോടനം ഉണ്ടായെന്നും ചക്രബർത്തി പറയുന്നു.

ശനിയാഴ്ചയാണ് ഭാര്യയും മകനും ദുബായിലെത്തിയത്. അന്നു മുതൽ സാഹചര്യം സങ്കീർണമാണ്. ആരോടും പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിർദേശം. ദുബായിലുള്ള സുഹൃത്തുകളും ബന്ധുക്കളും ശുഭശ്രീയുടെയും മകന്റെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും സർക്കാരിൽ നിന്നും ഇതുവരെ സഹായമൊന്നും തേടിയിട്ടില്ലെന്നും ചക്രബർത്തി പറയുന്നു.

വിഷമഘട്ടത്തിലാണെങ്കിലും പരിഭ്രാന്തരല്ലെന്നും തന്റെ കുടുംബം പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മകൾ യാളിനിക്കൊപ്പം ചക്രബർത്തി കൊൽക്കത്തയിലാണ്. ശുഭശ്രീക്ക് പുറമേ തെന്നിന്ത്യൻ താരം അജിത് കുമാർ, ബാഡ്മിന്റൺ താരം പി വി സിന്ധു, നടി സോണൽ ചൗഹാൻ, ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീം അംഗങ്ങൾ തുടങ്ങിയവരും ഇറാൻ യുഎസ് ഇസ്രയേൽ സംഘർഷത്തിൽ പ്രദേശത്ത് കുടുങ്ങിയിരിക്കുകയാണ്.

Content Highlights: Subhashree Ganguly and her son Yuvaan are stuck in Dubai after they travelled there for a holiday just as tensions escalated following US-Israel strikes on Iran

To advertise here,contact us