'സഭകൾ തമ്മിലുള്ള ഐക്യം പ്രധാനം'; യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു

ന്യൂഡല്‍ഹി: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കെ യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭകള്‍ തമ്മിലുള്ള ഐക്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സഭാ തര്‍ക്കം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. വിഘടിച്ചു നില്‍ക്കുന്ന സഭകള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്തുള്ള തര്‍ക്ക പരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സഭകള്‍ക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

സഭാ ഐക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ വ്യക്തമാക്കി. സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ തര്‍ക്കത്തിന് പുറമെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ന്യൂനപക്ഷങ്ങളിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്ന് സഭാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Content Highlight : The crucial meeting between Narendra Modi and representatives of the Jacobite Church has concluded. The Prime Minister also stated that out-of-court dispute resolution should be the preferred option.

To advertise here,contact us