ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായ ഉടനെ തന്നെ ബിജെപിയെയും നരേന്ദ്ര മോദിയെയും ഒരുപോലെ വെല്ലുവിളിച്ച് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ. ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തി പത്ത് സീറ്റിൽ കൂടുതൽ ബിജെപി നേടി കാണിക്കൂ എങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കാം എന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ വെല്ലുവിളി. ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായെന്ന കോടതി വിധിക്ക് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു കെജ്രിവാളിൻ്റെ പ്രതികരണം. മദ്യനയക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദേഹം ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഡൽഹി ദുരിതത്തിലാണെന്നും കെജ്രിവാൾ കൂട്ടിചേർത്തു.
ഡൽഹി മുഴുവൻ തകർന്നെന്നും മോദിയുടെയും അമിത് ഷായുടെയും അധികാരക്കൊതിയുടെ ഫലം ഡൽഹിയിലെ മൂന്നുകോടിജനങ്ങൾക്കും അനുഭവിക്കേണ്ടി വന്നെന്നും കെജ്രിവാൾ പറഞ്ഞു. ഇന്ന് താൻ മോദിയെ വെല്ലുവിളിക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ, പത്തിൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ ഞാൻ രാഷ്ട്രീയം വിടുമെന്നും ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളെ മടുത്തുവെന്നും കെജ്രിവാൾ പ്രതികരിച്ചു.
കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞടുപ്പിൽ 70 സീറ്റുകളിൽ 48 എണ്ണം നേടിയാണ് ബിജെപി വീണ്ടും ഡൽഹിയിൽ അധികാരത്തിൽ വന്നത് . അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലേറിയ ആം ആദ്മി പാർട്ടിക്ക് ഇതിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2015ൽ 67 സൂറ്റുകളും 2020ൽ 62 സീറ്റുകളും ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരുന്നു. 2025 ലാണ് ഇത് 22 സീറ്റുകളായി ചുരുങ്ങിയത്. മദ്യനയക്കേസിന് പിന്നാലെയാണ് 2025ൽ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതെന്നും ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബിജെപി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് 2025ൽ ആം ആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതെന്നും കെജ്രിവാൾ ചൂണ്ടികാട്ടി.
ദില്ലി മദ്യനയ അഴിമതിക്കേസിൽ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയെയും ബിആർഎസ് നേതാവ് കെ കവിതയെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവ് വന്നിരുന്നു. കെജ്രിവാൾ അടക്കം കേസിലെ 23 പ്രതികളെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് കോടതി വിധി വന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. കേസിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കുറ്റം ചെയ്തതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. സിബിഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.
കെജ്രിവാൾ മുഖ്യമന്ത്രിയായിരിക്കെ 2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പാക്കുന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സർക്കാർ മദ്യവിൽപനയിൽ നിന്നും പൂർണമായും പിന്മാറുകയും, ഇത് മറ്റു കമ്പനികൾക്ക് നൽകുകയും ചെയ്തു. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്ലെറ്റുകൾക്ക് ടെൻഡർ വിളിച്ചാണ് അനുമതി നൽകിയത്. സ്വകാര്യ ഔട്ട്ലെറ്റുകളിലൂടെ മദ്യവിൽപ്പന തുടങ്ങിയതോടെ, മദ്യത്തിന്റെ ഗുണനിലവാരത്തിൽ വ്യാപക പരാതി ഉയർന്നു. മദ്യ നയം നടപ്പാക്കിയ രീതിയിൽ അഴിമതി നടന്നതായി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി. പുതിയ എക്സൈസ് നയത്തിൽ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഡൽഹി ചീഫ് സെക്രട്ടറി, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Content Highlights: Aam Aadmi Party leader and former Delhi Chief Minister Arvind Kejriwal challenged both the BJP and Narendra Modi immediately after his acquittal in the Delhi liquor case