ന്യൂഡൽഹി: ജുഡീഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെട്ട പുസ്തകത്തിന് സുപ്രീംകോടതിയുടെ സമ്പൂർണ്ണ നിരോധനം. വിവാദ പാഠപുസ്തകം ഉടൻ പിൻവലിക്കണമെന്ന് എൻസിഇആർടിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. സ്വമേധയാ സ്വീകരിച്ച ഹർജിയിൽ എൻസിഇആർടിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
വിവാദ പാഠഭാഗം പുറത്തിറക്കിയതിലെ ക്ഷമാപണം തള്ളിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. വാർത്താക്കുറിപ്പിൽ ക്ഷമാപണത്തിന്റെ ഒരു വാക്ക് പോലുമില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. വിവാദ പാഠഭാഗം ഉൾപ്പെട്ട പുസ്തകത്തിന് രാജ്യമാകെ സമ്പൂർണ്ണ നിരോധനം സുപ്രീംകോടതി ഏർപ്പെടുത്തി. സ്കൂളുകൾക്കും പുസ്തക ശാലകളിലേക്കും നൽകിയ പുസ്തകവും ഓൺലൈൻ പകർപ്പും എൻസിഇആർടി ഉടൻ പിൻവലിക്കണം. പുസ്തകം പിൻവലിക്കാൻ സ്കൂൾ പ്രിൻസിപ്പൽമാരും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇടപെടണം. പുസ്തകം പിൻവലിച്ചുവെന്ന് സംസ്ഥാന വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉറപ്പാക്കണം. ഇടക്കാല ഉത്തരവ് നടപ്പാക്കിയെന്ന് എൻസിഇആർടിയും കേന്ദ്ര സർക്കാരും രണ്ടാഴ്ചയ്ക്കകം അറിയിക്കണം. എൻസിഇആർടി ഡയറക്ടർക്കാണ് വിവാദ പാഠഭാഗത്തിന്റെ ഉത്തരവാദിത്തം. എൻസിഇആർടി പൊതുസമൂഹത്തോട് മാപ്പപേക്ഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിയെക്കുറിച്ച് ആലോചിക്കും. സ്വമേധയാ സ്വീകരിച്ച ഹർജിയിൽ എൻസിഇആർടിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. വലിയ ഗൂഡാലോചനയുടെ ഭാഗമാണ് പാഠഭാഗം. ജുഡീഷ്യറിയുടെ അന്തസിനെ താഴ്ത്തിക്കെട്ടാനാണ് കരുതിക്കൂട്ടിയുള്ള നീക്കമാണിത്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിക്ക് പ്രധാന പങ്കുണ്ട്. ഇക്കാര്യം പഠിപ്പിക്കുന്നതിൽ എൻസിഇആർടി പരാജയപ്പെട്ടു. മൗലികാവകാശത്തിന്റെ സംരക്ഷകരാണ് ജുഡീഷ്യറിയെന്ന വസ്തുത മറച്ചുവെച്ചുവെന്നുമാണ് സുപ്രീംകോടതിയുടെ വിമർശനം.
എന്‍സിആര്‍ടിയുടെ എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ ജുഡീഷ്യറിയില്‍ നിലനില്ക്കുന്നു. ഈ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Content Highlight; Supreme Court completely bans NCERT book containing section on corruption in judiciary