എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ച സംഭവം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്തു

യൂത്ത് കോൺ​​ഗ്രസ് ദേശിയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിനെതിരെ യൂത്ത് കോൺ​​ഗ്രസ് ദേശിയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഇതോടെ പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂത്ത് കോൺ​​ഗ്രസ് ദേശിയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയ് ഭാനു ചിബനെയും കേസിൽ പ്രതി ചേർത്തത്. 15 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫെബ്രൂവരി 20ന് എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളുകളിൽ അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഈ കേസിലാണ് ഡൽഹി പൊലീസ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയാണ് ഒരുക്കൂട്ടം പ്രതിഷേധക്കാർ എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളുകളിലേക്ക് എത്തിയത്. നിർബന്ധിത ക്യുആർ കോഡ് പാസ് കാണിച്ചാണ് ഇവർ വേദിയിലേക്ക് പ്രവേശിച്ചത്. തുടർന്നാണ് ഇവർ പ്രദർശന ഹാളിനുള്ളിൽ ഷർട്ടില്ലാതെ പ്രതിഷേധം നടത്തിയതെന്നും മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചെന്നും പൊലീസ് അറിയിച്ചു.

നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നെന്നും മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളും 'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍', എപ്സ്റ്റീന്‍ ഫയല്‍സ് എന്നീ പേരുകള്‍ പതിച്ച വെളള ടീ ഷര്‍ട്ടുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി കാട്ടിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിഷേധത്തിൻ്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ പടയാളികളാണെന്നും അവര്‍ ഒരിക്കലും ഭയന്ന് പിന്മാറില്ലെന്നുമാണ് നേരത്തെ ഉദയ് ഭാനു പ്രതികരിച്ചത്. ബിജെപി ഏതറ്റം വരെ പോയാലും ഭരണഘടനയെ സംരക്ഷിക്കാനും രാജ്യത്തെ യുവാക്കള്‍ക്കും വേണ്ടി യൂത്ത് കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

'യൂത്ത് കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ പടയാളികളാണ്. അവരെ ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. രാഹുല്‍ ഗാന്ധിക്കെതിരെ ഒരു എഫ്ഐആര്‍ പോലും ഇല്ലാതിരുന്നിട്ടും ഇ ഡി കേസ് വര്‍ഷങ്ങളോളം നീണ്ടു. ചോദ്യംചെയ്യലിനായി അദ്ദേഹത്തെ നിരവധി തവണ വിളിപ്പിച്ചു. ബിജെപിയ്ക്ക് ഏതറ്റം വരെയും പോകാം. പക്ഷെ ഞങ്ങള്‍ ഭരണഘടനയ്ക്കായി പോരാടുന്ന പടയാളികളാണ്. രാഹുല്‍ ഗാന്ധിയുടെ പടയാളികള്‍. ഞങ്ങള്‍ ഒരിക്കലും പിന്മാറില്ല. രാജ്യത്തെ യുവാക്കള്‍ക്കായി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും': ഉദയ് ഭാനു ചിബ് പറഞ്ഞു.

Content Highlights: Delhi Police has arrested Youth Congress national president Uday Bhanu Chib for protesting at the AI ​​Summit in Delhi

To advertise here,contact us