ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് എം പി ശശി തരൂർ. കേരളത്തിലുള്ളവരെ ഇനി ഇംഗ്ലിഷിൽ കേരളമൈറ്റ് (Keralamite), കേരളമിയൻ (Keralamian) എന്നോ വിളിക്കേണ്ടി വരുമോ എന്നാണ് ശശി തരൂർ തമാശാപൂർവ്വം പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നീക്കമായതുകൊണ്ട് തന്നെ ഇനി ഇതിന് വേണ്ടിയും മുഖ്യമന്ത്രി മത്സരം നടത്തിയേക്കാം എന്നും ശശി തരൂർ പരിഹസിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 'എല്ലാം നല്ലതിന് തന്നെ. പക്ഷെ ഒരു ഭാഷാപരമായ ചോദ്യം അതിൽ താൽപര്യമുള്ളവരോട് എനിക്ക് ചോദിക്കാനുണ്ട്. കേരളൈറ്റ് (Keralaite), കേരളൻ(kerala) എന്നീ വാക്കുകൾക്ക് ഇനി എന്ത് സംഭവിക്കും ? കേരളത്തിൽ (keralam) ജീവിക്കുന്നവരെ ഇനി എന്താണ് വിളിക്കുക. കേരളമൈറ്റ് (Keralamite) എന്ന് ഉപയോഗിക്കാമെന്ന വെച്ചാൽ അതൊരു സൂക്ഷ്മാണുവിന്റെ പേര് പോലെയുണ്ട്. കേരളമിയൻ (Keralamian) എന്ന് വിളിക്കാമെന്ന് വെച്ചാൽ അത് ഏതോ അപൂർവ്വ ധാതുവിനെ പോലെ തോന്നും. കേരളത്തിന്റെ മുഖ്യമന്ത്രി ഇതിനു വേണ്ടിയും ഒരു മത്സരം നടത്തിയേക്കാം. എന്തായാലും ഇതൊക്കെ ഒരു ഇലക്ഷൻ നീക്കമാണല്ലോ,' ശശി തരൂർ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക അക്കൗണ്ട് അടക്കം ടാഗ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പോസ്റ്റ്.
പോസ്റ്റിന്റെ കമന്റുകളിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾ ഒത്തുകൂടിയിട്ടുണ്ട്. മല്ലു, മലയാളി എന്നീ വാക്കുകളാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. മല്ലു എന്നതിനെ പിന്തുണക്കുന്നവരും വിയോജിപ്പ് ഉള്ളവരും ഉണ്ട്. Kerla എന്നാണ് പലരും എഴുതുന്നതെന്നും ആദ്യം സ്പെല്ലിംഗ് ഒന്ന് ശരിയാക്കിയാൽ മതിയായിരുന്നു എന്നും കമന്റുണ്ട്. അതിന് 'Karela (പാവയ്ക്കയുടെ ഹിന്ദി പേര്) എന്നണ് കൂടുതൽ കേൾക്കേണ്ടി വന്നിട്ടുള്ളതെന്നും അത് കയ്പ്പേറിയ അനുഭവമാണ്' എന്നുമാണ് ശശി തരൂരിന്റെ മറുപടി.
അതേസമയം, സംസ്ഥാന സർക്കാർ ഏറെ നാളായി ഉയർത്തുന്ന ആവശ്യം അംഗീകരിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീർത്ഥി'ൽ ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം ആക്കുന്നതിനുള്ള ബില്ല് ആദ്യം നിയമസഭയുടെ അംഗീകാരത്തിന് അയക്കും. അതിന് ശേഷം പാർലമെന്റിൽ കൊണ്ടുവരും എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
All to the good, no doubt, but a small linguistic question for the Anglophones among us: what happens now to the terms “Keralite” and “Keralan” for the denizens of the new “Keralam”? “Keralamite” sounds like a microbe and “Keralamian” like a rare earth mineral…! @CMOKerala might…
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.
2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയക്കുകയായിരുന്നു.
Content Highlights: Shashi Tharoor makes a funny comment about Kerala changing to Keralam