കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ 16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായത്. 24കാരനായ അഭിഷേകാണ് പ്രതി. ആവലെപ്പംപട്ടി ഗ്രാമവാസിയായ ബി കൗശിക, മുത്തശ്ശി 65കാരിയായ മൈലാതല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരിയായ 17കാരി ഹരിതയ്ക്ക് കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. ഹരിതയെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേഗമം സ്വദേശിയായ അഭിഷേകും പെണ്‍കുട്ടിയും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമേ ഇത് പരിഗണിക്കാന്‍ കഴിയു എന്നായിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ പ്രതി വീണ്ടും വിവാഹക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നു. സംഭവദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വഴക്കുണ്ടാവുകയും ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ പെണ്‍കുട്ടി അത് നിരസിച്ചു. തുടര്‍ന്ന് കത്തിയെടുത്ത് കൗശികയെ കുത്തി. ബഹളം കേട്ട് പ്രതിയെ തടയാനെത്തിയതാണ് മുത്തശ്ശിയും ഹരിതയും. പ്രതി അവരെയും ആക്രമിക്കുകയായിരുന്നു.
കൗശികയും മുത്തശ്ശിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി അവിടെനിന്നും കടന്നുകളഞ്ഞു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. മൃതദേഹങ്ങള്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടാന്‍ ആറു പ്രത്യേക സംഘങ്ങളെ പൊലീസ് സജ്ജീകരിച്ചിട്ടുണ്ട്.
Content Highlights: A man allegedly stabbed and killed a 16-year-old girl and her grandmother in Tamil Nadu