കൊച്ചി: ലക്ഷദ്വീപിലെ വിവാദമായ ബുധനാഴ്ചകളിലെ വാഹന വിലക്ക് ഉത്തരവ് പിൻവലിച്ചു. ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധനം ഏർപ്പെടുത്താൻ ദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട ഉത്തരവാണ് പിൻവലിച്ചത്. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തുമെന്നും ഈ മാസം 25 മുതൽ വാഹന നിരോധനം പ്രാബല്യത്തിൽ വരും എന്നുമായിരുന്നു ദ്വീപ് അഡ്മിനിസ്ട്രേഷൻ ഇറക്കിയ ഉത്തരവ്.
ഉത്തരവ് റംസാൻ വരെ നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാഹന നിരോധത്തിനെതിരായ ഹർജിയിലായിരുന്നു ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്.
നടത്തവും സൈക്ലിങ്ങും പ്രോത്സാഹിപ്പിക്കുക, വായുമലിനീകരണം തടയുക എന്നിവ വഴി ആരോഗ്യ സംരക്ഷണവും പരിസ്ഥി സൗഹൃദ ജീവിത ശൈലിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് വാഹന നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു അധികൃതരുടെ വാദം. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും ഭിന്നശേഷിക്കാർക്കും നിയന്ത്രണത്തിൽ ഇളവുണ്ടാകുമെന്നും അറിയിച്ചിരുന്നു.
ഉത്തരവ് വിവാദങ്ങൾക്കും വിമർശനത്തിനും വഴിവെച്ചിരുന്നു. ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താന ഉത്തരവിനെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപ് പോലെയുള്ള ശുദ്ധവായു ലഭിക്കുന്ന ഒരിടത്ത് എവിടെയാണ് മലിനീകരണമെന്നും ഈ ഉത്തരവ് തികച്ചും വിചിത്രമാണെന്നും ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ഐഷ സുൽത്താന പറഞ്ഞിരുന്നു.
Content Highlights: The Lakshadweep administration has withdrawn the controversial order that imposed a vehicle ban on Wednesdays