മുസ്‌ലിം സ്ത്രീ ആണെന്ന് അറിഞ്ഞപ്പോൾ കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി; മുൻ ബിജെപി എംപിക്കെതിരെ കോൺ​ഗ്രസ്

സ്ത്രീക്കൾക്കായി ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ ഒരു മുസ്‌ലിം സ്ത്രീയുടെ മതം ചോദിച്ച് കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങിയെന്നാണ് ആരോപണം

ജയ്പൂർ: മുൻ ബിജെപി എംപി സുഖ്ബീർ സിം​ഗിനെതിരെ ആരോപണവുമായി രാജസ്ഥാൻ പ്രതിപക്ഷനേതാവ് തിക്കാറാം. സ്ത്രീക്കൾക്കായി ബ്ലാങ്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ ഒരു മുസ്‌ലിം സ്ത്രീയുടെ മതം ചോദിച്ച് കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങിയെന്നാണ് ആരോപണം. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം നടന്നത്.

ഇന്നലെ ഉച്ചയ്ക്കാണ് ബ്ലാങ്കറ്റ് വിതരണ ചടങ്ങ് നടന്നത്. മുൻ ബിജെപി എംപി സുഖ്ബീർ സിം​ഗ് നേരിട്ടാണ് ചടങ്ങിൽ പങ്കെടുത്തവർക്ക് ബ്ലാങ്കറ്റ് വിതരണം ചെയ്തത്. എന്നാൽ ഇതിനിടെ ഒരു സ്ത്രീയോട് ബിജെപി നേതാവ് പേര് ചോദിക്കുകയും പീന്നീട് അവർ മുസ്‌ലിം ആണെന്ന് മനസിലാക്കി അവർക്ക് നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങുകയായിരുന്നു.

സംഭവത്തിൻ്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. മതം ചോദിച്ച് ഒരു സ്ത്രീയെ അധിക്ഷേപിച്ചെന്നും കടുത്ത വിവേചനമാണ് അവർ നേരിട്ടതെന്നും പ്രതിപക്ഷനേതാവ് തിക്കാറാം പ്രതികരിച്ചു. സത്രീയിൽ നിന്നും ബിജെപി നേതാവ് ബ്ലാങ്കറ്റ് തിരികെ വാങ്ങിയ നടപടി ​പ്രഷേധാർഹമാണെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റിനുള്ള അവകാശമില്ലെന്ന് മുൻ എം പി പറയുന്ന വീഡിയോ ദ‍‍ൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന മോദിയുടെ അജ്മീർ സന്ദർശനത്തിന് ആളുകളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സുഖ്ബീർ സിം​ഗ് എത്തിയത്.

Content Highlights: Rajasthan BJP leader denies blankets to Muslim women during donation drive

To advertise here,contact us