യുദ്ധഭീതി: 'ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം'; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈവശംവെയ്ക്കണമെന്നും എംബസി ആവശ്യപ്പെട്ടു

ന്യൂഡൽഹി: അമേരിക്കയുടെ ആക്രമണ ഭീതിക്കിടെ ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ഇറാനിലെ ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍, വിദ്യാര്‍ത്ഥികള്‍, വാണിജ്യ ആവശ്യങ്ങള്‍ക്കായി പോയവര്‍, ടൂറിസ്റ്റുകള്‍ അടക്കമുള്ളവര്‍ക്കാണ് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലഭ്യമായ യാത്രാ മാര്‍ഗം ഉപയോഗിച്ച് എത്രയും വേഗം ഇന്ത്യക്കാര്‍ ഇറാന്‍ വിടണം. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈവശംവെയ്ക്കണമെന്നും എംബസി ആവശ്യപ്പെട്ടു. അത്യാവശ്യഘട്ടത്തില്‍ വിളിക്കുന്നതിനായി ഹെല്‍പ് ലൈന്‍ നമ്പറും (+989128109102; +989932179359) എംബസി പുറപ്പെടുവിച്ചിട്ടുണ്ട്.

ഇറാന്‍ ആക്രമിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി സെര്‍ബിയയും സ്വീഡനും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ഇറാനിലുള്ളവര്‍ എത്രയും വേഗം രാജ്യം വിടണമെന്നും ഇരുരാജ്യങ്ങളും നിര്‍ദേശിച്ചിരുന്നു.

ഇറാനും അമേരിക്കയും തമ്മിലുള്ള അടുത്തഘട്ട ആണവ കരാര്‍ ചര്‍ച്ചകള്‍ ഫെബ്രുവരി 26ന് ജനീവയില്‍ നടക്കാനിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേരത്തേ മധ്യസ്ഥത വഹിച്ചിരുന്ന ഒമാന്‍ വിദേശകാര്യ മന്ത്രിയായിരുന്നു തീയതി പ്രഖ്യാപിച്ചത്. ഇതിനിടെ ആണവകരാറില്‍ ഒപ്പിടാന്‍ ഇറാന് അന്ത്യശാസനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അടുത്ത പത്ത് ദിവസത്തിനകം ഇറാന്‍ കരാറിലെത്തുമോ അതോ സൈനിക നടപടി നേരിടുമോ എന്ന് അറിയാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഒന്നുകില്‍ പത്ത് ദിവസത്തിനകം കരാറുണ്ടാകും, അല്ലെങ്കില്‍ ദൗര്‍ഭാഗ്യകരമായ ചിലത് സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. പരിമിതമായ സൈനിക നീക്കമാണോ ലക്ഷ്യമിടുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് അത് പരിഗണനയിലുണ്ടെന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി.

Content Highlights- Citing escalating war fears, the Indian Embassy has issued an advisory urging Indian nationals in Iran to leave the country without delay.

To advertise here,contact us