ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ ഫലപ്രദമായി നേരിടാൻ പുതിയ നീക്കം നടത്തി കേന്ദ്ര സർക്കാർ. രാജ്യത്ത് ആദ്യമായി ഭീകരവാദവിരുദ്ധ നയം അവതരിപ്പിച്ചു. പ്രഹാർ എന്നാണ് ഭീകരവാദ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള ഈ പുതിയ സമഗ്ര നയത്തിന് നൽകിയിരിക്കുന്ന പേര്.
അതിർത്തി കടന്നെത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് പുറമെ ആധുനികലോകത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന മറ്റ് പ്രവർത്തനങ്ങളെയും നേരിടാൻ ലക്ഷ്യം വെച്ചാണ് നയം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളെയും സാമ്പത്തിക സ്രോതസിനെയും തകർക്കാൻ ശ്രമിക്കുന്ന ഹാക്കിംഗ്, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളെ ഹാക്ക് ചെയ്യുന്നത്, പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഭീഷണി എന്നിവയെല്ലാം നയത്തിന്റെ പരിധിയിൽ വരുന്നുണ്ട. ഇത്തരം എല്ലാ ഭീഷണികളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുക എന്നതാണ് ഈ ഭീകരവാദ നയത്തിന്റെ പ്രഥമ ലക്ഷ്യം.
കര-ജല-വ്യോമ മേഖലകളിൽ ഇന്ത്യ നിരന്തരമായി ഭീഷണികൾ നേരിടുന്നുണ്ടെന്നും പ്രഹാറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. റെയിൽവേ, വ്യോമയാനം, പ്രതിരോധ മേഖല, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾ, ആണവോർജ കേന്ദ്രങ്ങൾ തുടങ്ങിയവയെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണെന്നും നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദം എന്നത് ഏതെങ്കിലും ഒരു മതമോ, ദേശമോ, വംശമോ ആയി ബന്ധപ്പെട്ടതല്ലെന്നും നയത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
അതിർത്തി കടന്നെത്തുന്ന സ്പോൺസേഡ് ടെററിസം നാടിന് വലിയ വിപത്താണെന്നും ജിഹാദി തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയെ ആക്രമിക്കാൻ നിരന്തരം ശ്രമങ്ങൾ നടത്തുകയാണെന്നും നയത്തിൽ പറയുന്നുണ്ട്. അൽ-ഖൈ്വദ, ഐഎസ്ഐഎസ് എന്നീ ഭീകരവാദ ഗ്രൂപ്പുകൾ ഇന്ത്യയിൽ സ്ലീപ്പർസെല്ലുകളിലൂടെ പ്രവർത്തിക്കുന്നുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളാണ് ഭീകർ ഉപയോഗിക്കുന്നതെന്നും ഇത് ഭീകരവിരുദ്ധ സ്ക്വാഡുകൾക്ക് വലിയ വെല്ലുവിളിയാണെന്നും കേന്ദ്ര സർക്കാർ പറയുന്നു. ഭീകരവാദ ആശയങ്ങളുടെ പ്രചരണത്തിനായും സാമ്പത്തിക സഹായം സ്വീകരിക്കാനും സോഷ്യൽ മീഡിയെയും മറ്റ് പ്ലാറ്റ്ഫോമുകളെയും അതിവിദഗ്ധമായി ഇവർ ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം കൃത്യമായി നിരീക്ഷിച്ച് തടയിടാനുള്ള പദ്ധതികൾ പ്രഹാറിന്റെ ഭാഗമാണ്.
ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള ബോധവത്കരണം, ജയിലുകളിൽ കഴിയുന്നവർക്കിടയിൽ ഭീകരവാദ ആശയങ്ങൾ പ്രചരിക്കുന്നത് തടയൽ, തീവ്രവാദ ആശയങ്ങളിലേക്ക് പോയവരെ തിരികെ കൊണ്ടുവരാനുള്ള ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകൾ എന്നിവ പ്രഹാറിലുണ്ട്. കൂടാതെ തീവ്രവാദ ആശയങ്ങളിലേക്ക് ചായ്വുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കൂടി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി കൂടി സഹകരിച്ച് ട്രാൻസ്നാഷണൽ തലത്തിൽ ഭീകരവാദത്തെ നേരിടാനും നയം ലക്ഷ്യമിടുന്നുണ്ട്.
Content Highlights : India’s first comprehensive anti-terror policy PRAHAAR explained