'ഒരു ഹിന്ദു പോലും കോൺഗ്രസിൽ അവശേഷിക്കില്ല, എല്ലാവരും ബിജെപിയിൽ ചേരും'; അസമിൽ കൂടുമാറ്റമുണ്ടാകുമെന്ന് ബിശ്വ ശർമ

എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഒരുമിച്ച് എടുക്കാൻ കഴിയാത്തതിനാൽ ഷെഡ്യൂൾ അനുസരിച്ചായിരിക്കും പ്രവർത്തകർ ബിജെപിയിൽ പ്രവേശിക്കുക എന്നും അസം മുഖ്യമന്ത്രി

ഗുവാഹത്തി: അസം കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറാനൊരുങ്ങുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ കുമാർ ബോറയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് ബിശ്വ ശര്‍മ അവകാശപ്പെട്ടു. ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഓരോരുത്തരായി പിരിഞ്ഞ് പോകുമെന്നും അവസാനം ഒരു ഹിന്ദു പോലുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്നും ബിശ്വ ശര്‍മ പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.

ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബിശ്വ ശര്‍മയുടെ പ്രതികരണം. ബിജെപിയില്‍ ഇപ്പോള്‍ ആളെ എടുക്കാന്‍ ഒഴിവില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നാകെ പാര്‍ട്ടിയിലേക്ക് വന്നാല്‍ എങ്ങനെ ടിക്കറ്റ് നല്‍കുമെന്നും ബിശ്വ ശര്‍മ ചോദിച്ചു.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകളെ എടുക്കാനായി ഷെഡ്യൂള്‍ തീരുമാനിച്ച് വച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ അതിനനുസരിച്ചായിരിക്കും ബിജെപിയില്‍ പ്രവേശിക്കുക. ചിലര്‍ 2027ല്‍ ബിജെപിയിലേക്ക് വരും, ചിലര്‍ 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പും. മറ്റ് ചിലര്‍ 2031ലെ തെരഞ്ഞെടുപ്പിന് മുന്‍പ് കൂടുമാറും. എങ്ങനെ ആണെങ്കിലും ഇനി ഒരു ഹിന്ദുവും കോണ്‍ഗ്രസില്‍ തുടരില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അസം മുഖ്യമന്ത്രി പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമായി തീരുമാനിച്ചെന്നും ഇനി ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നും ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു കോണ്‍ഗ്രസ് മുൻ അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയയുടെ സാന്നിധ്യത്തിലായിരുന്നു ബോറ അംഗത്വം സ്വീകരിച്ചത്. സഞ്ജു ബോറ, രാജേഷ് കുമാര്‍, ജോഷി തുടങ്ങിയ നിരവധി മുന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഭൂപന്‍ ബോറയ്‌ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

2021 മുതല്‍ 2025 വരെ അസം കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു ഭൂപന്‍ ബോറ. 2026ല്‍ സ്ഥാനം ഗൗരവ് ഗൊഗോയ്ക്ക് നല്‍കി. 32 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ഭൂപന്‍ ബോറ ബിജെപിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസ് നേതൃത്വം തന്റെ വികാരത്തെയും സമൂഹത്തിന്റെ താല്‍പര്യങ്ങളെയും വൃണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ഭൂപന്‍ ബോറയുടെ കൂടുമാറ്റം. ബോറയെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. 126 അംഗ അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഭൂപന്‍ ബോറയുടെ കൂടുമാറ്റം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Content Highlight; Himanta Biswa Sarma says more leaders from Assam Congress will join BJP

To advertise here,contact us