16 വർഷക്കാലം CPIM കോട്ട; 2019ൽ ഡിഎംകെ ജയിച്ചത് അരലക്ഷം ഭൂരിപക്ഷത്തിൽ; വിജയ് എന്തുകൊണ്ട് പെരമ്പൂരില്‍?

ടിവികെയ്ക് വേരോട്ടമുള്ള മണ്ഡലമാണ് പെരമ്പൂർ എന്നും 40,000 അംഗങ്ങൾ അവിടെയുണ്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് അവകാശപ്പെട്ടു

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരിലെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് പാർട്ടി. വി എന്ന അക്ഷരത്തിൽ തുടങ്ങുന്ന മണ്ഡലത്തിൽ നിന്നും വിജയ് മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഡിഎംകെ കോട്ടയായിരുന്ന പെരമ്പൂരിൽ നിന്നും ജനവിധി തേടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിന്നാലെ ഇതിന് പിന്നിലെ കാരണം തിരയുകയാണ് ആരാധകർ. വികസനം കുറവുള്ള ഒരു മണ്ഡലത്തിൽ മത്സരിക്കാൻ വിജയ് ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ടിവികെ കാമ്പയിൻ മാനേജ്മെന്‍റ് സെക്രട്ടറി ആധവ് അർജുന പറയുന്നു. പെരമ്പൂർ അത്തരത്തിൽ വികസനം എത്താത്ത മണ്ഡലമാണെന്നും ആധവ് അർജുന വിശദീകരിച്ചു.

ടിവികെയ്ക് വേരോട്ടമുള്ള മണ്ഡലമാണ് പെരമ്പൂർ എന്നും 40,000 അംഗങ്ങൾ അവിടെയുണ്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് അവകാശപ്പെട്ടു. ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയിൽ വലയുന്ന, വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ പിന്നാക്കം നിൽക്കുന്ന ചേരികളുടെ എണ്ണം കൂടുതലുള്ള, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം നടക്കുന്ന, പിന്നാക്കാവസ്ഥ നേരിടുന്നയിടത്ത് താൻ

മത്സരിക്കുമെന്നും അവിടം മറ്റൊരു സിംഗപ്പൂരാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും വിജയ് പറഞ്ഞിരുന്നതായും ആധവ് അർജുന വ്യക്തമാക്കി. വടക്കന്‍ ചെന്നൈയെ റൗഡികളുടെ കേന്ദ്രമാക്കി മാറ്റിയെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഡിഎംകെയാണ് അങ്ങനെ ചെയ്തതെന്നും ആദവ് ആരോപിച്ചു.

തമിഴ്‌നാട്ടിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരില്‍ നിന്നും മത്സരിക്കുമെന്ന് ഇന്ന് ചേര്‍ന്ന ടിവികെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂര്‍. 2001 മുതൽ 2016 വരെ സിപിഐഎം വിജയിച്ച മണ്ഡലമാണിത്.

അതേസമയം ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. കൂടാതെ 'വി'യില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ മാത്രമെ വിജയ് മത്സരിക്കൂ എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് വിജയ് പെരമ്പൂരില്‍ മത്സരിക്കുമെന്ന സ്ഥിരീകരണം പുറത്തുവരുന്നത്.

തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജയ് തന്റെ ആദ്യ തട്ടകമായി ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കിയിരുന്നു. 2011ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം 115 സീറ്റുകള്‍ നേടിയിരുന്നു. ഇതിന്റെ വലിയ ആത്മവിശ്വാസവും വിജയ്ക്കുണ്ട്. 'വി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ മത്സരിച്ചാല്‍ ജയിക്കുമെന്ന് വിജയ് കരുതുന്നുവെന്നും അതിനാല്‍ വേലച്ചേരി, വിക്രവണ്ടി, വിരുഗമ്പാക്കം, വേദാരണ്യം എന്നീ നാല് മണ്ഡലങ്ങളാണ് വിജയ്‌യുടെ ലിസ്റ്റിലുള്ളത് എന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിജയ്‌യുടെ പെരമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു.

അതേസമയം ജനങ്ങളുടെ പിന്തുണയോടെ ഒരു വലിയ രാഷ്ട്രീയ ശക്തിയായി ടിവികെ ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു പാര്‍ട്ടി തങ്ങളാണെന്നും വിജയ് ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് ത്രികോണ മത്സരത്തെക്കുറിച്ചുള്ള സാധ്യതകളും വിജയ് തള്ളി. തമിഴ്നാട്ടില്‍ യഥാര്‍ത്ഥ പോരാട്ടം നടക്കുക ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നാണ് വിജയ് പറഞ്ഞത്. ടിവികെയുടെ ഓരോ പൊതുപരിപാടികളിലും ഡിഎംകെയെ പരാജയപ്പെടുത്തുമെന്ന് വിജയ് ആവര്‍ത്തിക്കുന്നുണ്ട്.

Content Highlight : Following confirmation that actor and TVK leader Vijay will make his electoral debut from Perambur, TVK leader Aadhav Arjun has come forward with further clarification.

To advertise here,contact us