ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്യുടെ കന്നിയങ്കം പെരമ്പൂരിലെന്ന് സ്ഥിരീകരണം. തമിഴ്നാട്ടിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് വിജയ് വടക്കന്‍ ചെന്നൈയിലെ പെരമ്പൂരില്‍ മത്സരിക്കുക. ഇന്ന് ചേര്‍ന്ന ടിവികെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ബുസി ആനന്ദ്, ആധവ് അര്‍ജുന എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂര്‍.
അതേസമയം ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. കൂടാതെ 'വി'യില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ മാത്രമെ വിജയ് മത്സരിക്കൂ എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് വിജയ് പെരമ്പൂരില്‍ മത്സരിക്കുമെന്ന സ്ഥിരീകരണം പുറത്തുവരുന്നത്.
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജയ് തന്റെ ആദ്യ തട്ടകമായി ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കിയിരുന്നു. 2011ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം 115 സീറ്റുകള്‍ നേടിയിരുന്നു. ഇതിന്റെ വലിയ ആത്മവിശ്വാസവും വിജയ്ക്കുണ്ട്. 'വി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ മത്സരിച്ചാല്‍ ജയിക്കുമെന്ന് വിജയ് കരുതുന്നുവെന്നും അതിനാല്‍ വേലച്ചേരി, വിക്രവണ്ടി, വിരുഗമ്പാക്കം, വേദാരണ്യം എന്നീ നാല് മണ്ഡലങ്ങളാണ് വിജയ്യുടെ ലിസ്റ്റിലുള്ളത് എന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിജയ്യുടെ പെരമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു.
അതേസമയം ജനങ്ങളുടെ പിന്തുണയോടെ ഒരു വലിയ രാഷ്ട്രീയ ശക്തിയായി ടിവികെ ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു പാര്‍ട്ടി തങ്ങളാണെന്നും വിജയ് ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് ത്രികോണ മത്സരത്തെക്കുറിച്ചുള്ള സാധ്യതകളും വിജയ് തള്ളി. തമിഴ്നാട്ടില്‍ യഥാര്‍ത്ഥ പോരാട്ടം നടക്കുക ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നാണ് വിജയ് പറഞ്ഞത്. ടിവികെയുടെ ഓരോ പൊതുപരിപാടികളിലും ഡിഎംകെയെ പരാജയപ്പെടുത്തുമെന്ന് വിജയ് ആവര്‍ത്തിക്കുന്നുണ്ട്.
Content Highlight; Tamilaga Vettri Kazhagam (TVK) leader and actor Vijay has been confirmed as a candidate for the 2026 Tamil Nadu Assembly elections and is set to contest from Perambur in North Chennai. The decision was finalised at a party workers’ meeting.