റായ്പൂർ: റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ്, ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത്. പെട്രോൾ പമ്പിൽ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു. പമ്പിലെ ജീവനക്കാരൻ ഉടനടി നടപടി സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി.
ഉർല പ്രദേശത്തെ കർമ്മ ചൗക്കിനടുത്തുള്ള സംഗീത ഫ്യൂവൽസ് പെട്രോൾ പമ്പിൽ രാത്രി 7.40 ഓടെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരൻ ടാങ്ക് നിറയ്ക്കാൻ തുടങ്ങിയപ്പോൾ ബൈക്കിന്റെ പിൻഭാഗത്തിരുന്നയാൾ ഇറങ്ങി സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു. ഇത് കണ്ട പെട്രോൾ പമ്പ് ജീവനക്കാരൻ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ യുവാവ് ദേഷ്യപ്പെടുകയും ലൈറ്റർ ഇന്ധന ടാങ്കിലേക്ക് എറിയുകയും ചെയ്തു. തീ ബൈക്കിലേക്കും പെട്രോൾ പമ്പിന്റെ ഇന്ധന നോസിലിലേക്കും എത്തിയിരുന്നു.
ഉടനെ തന്നെ പെട്രോൾ പമ്പ് ജീവനക്കാരൻ ഇന്ധന ഹോസ് വലിച്ചെടുത്ത് പ്രധാന ഇന്ധന വിതരണം ഓഫാക്കി. തുടർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണച്ചു. ഇതിനിടെ യുവാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ പമ്പ് ജീവനക്കാർ അവരെ പിടികൂടി പൊലീസിനെ വിളിക്കുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ്റെ പരാതിയിൽ ഉർല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ബൈക്കും ലൈറ്ററും പിടിച്ചെടുത്തു. തീവെയ്പ്പ്, പൊതു സുരക്ഷയെ അപകടപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Content Highlights: Told not to smoke at petrol pump; enraged youth throws lighter into bike's tank, sets it on fire