അസമില്‍ ബിജെപിയുടെ 'നുഴഞ്ഞുകയറ്റക്കാര്‍' വാദത്തെ നേരിടാന്‍ പ്രിയങ്കാ ഗാന്ധിയും ഡി കെ ശിവകുമാറും

പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണങ്ങളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക

ഗുവാഹത്തി: അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും കളത്തിലിറക്കി കോണ്‍ഗ്രസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായ മൂന്നാംതവണയും അധികാരം നിലനിര്‍ത്താനായി 'സ്വദേശികളും നുഴഞ്ഞുകയറ്റക്കാരു'മെന്ന ബിജെപിയുടെ വാദത്തെ സംസ്ഥാനത്ത് വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് അതിനെ നേരിടാനായി പ്രിയങ്കയെയും ഡികെ ശിവകുമാറിനെയും കോണ്‍ഗ്രസ് അസമിലേക്കയച്ചിരിക്കുന്നത്.

പ്രിയങ്കാ ഗാന്ധിയാണ് അസമിലെ സ്ഥാനാര്‍ത്ഥി സ്‌ക്രീനിംഗ് കമ്മിറ്റിയെ നയിക്കുക. മുതിര്‍ന്ന കേന്ദ്ര നിരീക്ഷകരില്‍ ഒരാളായാണ് ഡികെ ശിവകുമാറിന് നിയമനം. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും മുന്‍ ജാര്‍ഖണ്ഡ് എംഎല്‍എ ബന്ധു തിര്‍ക്കിയുമാണ് മറ്റ് രണ്ട് നിരീക്ഷകര്‍. പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണങ്ങളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഗൗരവ് ഗൊഗോയ് മുന്നോട്ടുവെച്ച 'മതേതര വിശാല അസം' എന്ന മുദ്രാവാക്യം എല്ലാ സമുദായങ്ങളിലേക്കും എത്തിക്കുകയായിരിക്കും പ്രിയങ്കയുടെ ലക്ഷ്യം.

ഡി കെ ശിവകുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര നേതൃത്വം പ്രതിരോധ തന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. കര്‍ണാടകയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങളെ ശക്തമായി പോരാടി തോല്‍പ്പിച്ചവരാണ് ഡി കെ ശിവകുമാറും ബന്ധു തിര്‍ക്കിയും. അവരുടെ അനുഭവജ്ഞാനം അസമില്‍ കോണ്‍ഗ്രസിന് തുണയാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവായ തിര്‍ക്കി അസമിലെ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ആദിവാസി വോട്ടര്‍മാരെ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തിക്കുക. ചത്തീസ്ഗഢില്‍ 2023-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപിയോട് ശക്തമായി പോരാടിയ ചരിത്രമുളള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് ഭൂപേഷ് ഭാഗേല്‍. അസമില്‍ ഭാഗേലിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഫലിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Content Highlights: Priyanka Gandhi, DK Shivakumar to counter BJP's 'infiltrators' claim in Assam

To advertise here,contact us