ഫെമ ചട്ടം ലംഘിച്ചു; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെ 164 കോടി രൂപ പിഴ ചുമത്തി ഇ ഡി

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇ ഡി ന്യൂസ്‌ക്ലിക്കിനെതിരെ ചുമത്തിയത്

ന്യൂഡല്‍ഹി: സ്വതന്ത്ര വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതിനെ തുടര്‍ന്നാണ് ഇ ഡി ആകെ 184 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. 120 കോടി രൂപ ന്യൂസ്‌ക്ലിക്കിനും 64 കോടി രൂപ പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയാണ് ചുമത്തിയിരിക്കുന്നത്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇ ഡി ന്യൂസ്‌ക്ലിക്കിനെതിരെ ചുമത്തിയത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് സ്വഭാവം തെറ്റായി രേഖപ്പെടുത്തി 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് ഇ ഡി കണ്ടെത്തല്‍.

2018-19 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സേവന കയറ്റുമതിയുടെ പേരില്‍ സ്വീകരിച്ച 82.63 കോടി രൂപയുടെ വിദേശ പണമിടപാടുകളില്‍ റിപ്പോര്‍ട്ടിങ് നിയമങ്ങള്‍ ലംഘിച്ചു, സോഫ്‌ടെക്‌സ് ഫോമുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്നീ കാര്യങ്ങളും ഇ ഡി ചൂണ്ടിക്കാട്ടുന്നു.

ഇ ഡിക്ക് പുറമേ സിബിഐ, ഡല്‍ഹി പൊലീസ്, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളും ന്യൂസ്‌ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ 2023 ഒക്ടോബറില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രബീര്‍ പുരകായസ്ത നിലവില്‍ ജാമ്യത്തിലാണ്.

Content Highlights: Enforcement Directorate imposes fine on Newsclick and founder Prabir Purakayastha

To advertise here,contact us