ന്യൂഡല്‍ഹി: എപ്സ്റ്റീന് ഫയല്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ വിവാദം കോണ്‍ഗ്രസിന് നേരെ തിരിക്കാനുള്ള ശ്രമവുമായി ബിജെപി. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ജെഫ്രി എപ്സ്റ്റീനിൽ നിന്ന് പുരസ്കാരം സ്വീകരിച്ചിരുന്നുവെന്നാണ് ബിജെപി ആരോപണം. കേന്ദ്രമന്ത്രിയായിരിക്കെ 2010ല്‍ അമേരിക്കയില്‍ വച്ച് കപിൽ പുരസ്കാരം സ്വീകരിച്ചുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ചടങ്ങില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാംപിത്രോദയും പങ്കെടുത്തിരുന്നെന്നും ബിജെപി ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം എപ്സ്റ്റീന് ഫയല്‍സിലുണ്ടെന്നും പ്രദീപ് ഭണ്ഡാരി പറയുന്നു.
2010ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന 'ഇന്റര്‍നാഷണല്‍ അവാര്‍ഡ്സ് ഗാല'യിലെ പുരസ്കാര ജേതാക്കളുടെ പട്ടികയില്‍ സിബലിന്റെ പേരുണ്ടെന്ന് കാണിക്കുന്ന രേഖകളടക്കം പുറത്തുവിട്ടായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ ആരോപണം. പുരസ്കാരം ലഭിച്ചതിന് പിന്നാലെ അന്നത്തെ യുപിഎ സര്‍ക്കാര്‍ പല നയപരമായ മാറ്റങ്ങളും വരുത്തിയതായും ഭണ്ഡാരി ചൂണ്ടിക്കാണിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് കോണ്‍ഗ്രസും കപില്‍ സിബലും രംഗത്തെത്തി.
എപ്സ്റ്റീനുമായി ഹര്‍ദീപ് സിംഗ് പുരിക്ക് എന്താണ് ബന്ധമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ചോദിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി സമ്മതിച്ചിരുന്നു. മൂന്നോ, നാലോ തവണ എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മീഷന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച നടത്തിയത് എന്നുമായിരുന്നു ഹര്‍ദീപ് സിംഗിന്റെ പ്രതികരണം. ഐപിഐയില്‍ തന്റെ മേലധികാരിയായിരുന്ന ടെര്‍ജെ റോഡ് ലാര്ഷന് എപ്സ്റ്റീനെ അറിയാമെന്നും അങ്ങനെയാണ് താന്‍ എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്നു ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുമധ്യത്തില്‍ ലഭ്യമാണെന്നും ഹര്‍ദീപ് സിംഗ് പറഞ്ഞിരുന്നു.
എട്ടുവര്‍ഷത്തിനിടയില്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ആകെ രണ്ടുപരാമര്‍ശങ്ങള്‍ മാത്രമാണ് തന്നെക്കുറിച്ച് വന്നിട്ടുള്ളത്. ഒന്ന് ഒരു ഇ-മെയില്‍ സന്ദേശവുമായി ബന്ധപ്പെട്ടാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക കുറ്റകൃത്യത്തിനായി ദുരുപയോഗിച്ചുവെന്നതാണ് എപ്സ്റ്റീന്റെ പേരിലുള്ള കേസ്. താന്‍ നടത്തിയിട്ടുള്ള ആശയവിനിമയങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഹര്‍ദീപ് സിംഗ് പുരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Content Highlight; A political row has erupted over Epstein files. BJP claiming that Jeffrey Epstein had conferred an award to senior Congress leader Kapil Sibal. The Congress has strongly denied the allegation.BJP is trying to turn the controversy against Congress following the allegations