വന്ദേഭാരത് എക്സ്പ്രസിന്‍റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട് യുവാവ്; പിടികൂടി റെയിൽവെ പൊലീസ്

വന്ദേഭാരത് എക്‌സ്പ്രസിലെ ശുചിമുറിയിലാണ് നാസിക് സ്വദേശിയായ 37കാരൻ പാമ്പിനെ തുറന്നുവിട്ടത്

മുംബൈ: വന്ദേഭാരത് എക്‌സ്പ്രസിനകത്ത് പാമ്പിനെ തുറന്നുവിട്ടയാളെ പിടികൂടി റെയിൽവെ പൊലീസ്. 37 കാരനായ ജഗൻ അർജുൻ ബാലെയെ ആർപിഎഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. മുംബൈ- സോലപുർ വന്ദേഭാരത് എക്‌സ്പ്രസിലെ ശുചിമുറിയിലാണ് ജഗൻ അർജുൻ പാമ്പിനെ തുറന്നുവിട്ടത്. ഡിസംബർ 27നായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് പ്രതി.

ട്രെയിൻ നമ്പർ 22225 ലെ കോച്ച് സി 16ലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ റെയിൽവെ ജീവനക്കാരെ വിവരം അറിയിച്ചു, ശേഷം ശുചിമുറി പൂട്ടി കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. സോലാപൂർ സ്റ്റേഷനിൽ എത്തിയതോടെ ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. സുരക്ഷാ സംവിധാനങ്ങളുള്ള ട്രെയിനിൽ പാമ്പ് കയറിക്കൂടിയതിൽ അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥർ, കോച്ചിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാൾ പാമ്പിനെ തുറന്നുവിടുകയായിരുന്നു എന്ന് കണ്ടെത്തി. ആർപിഎഫ് നടത്തിയ അന്വേഷണത്തിൽ ജഗൻ അർജുൻ ബാലെയാണ് ഇയാളെന്ന് തിരിച്ചറിയുകയായിരുന്നു. കല്യാണിലെ റെയിൽവെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights:‌ railway protection force has arrested nashik native man who placing snake in mumbai solapur vande bharat express toilet

To advertise here,contact us