എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു,കേന്ദ്രമന്ത്രിയെ ഓർത്ത് അനുതാപമുണ്ട്:ജോൺ ബ്രിട്ടാസ്

'സുരേഷ് ഗോപിയെ കേന്ദ്രത്തിലുള്ളവർ വേഷം കെട്ടിക്കുന്നു, കേരളത്തോട് മര്യാദ കാട്ടണം'

ന്യൂഡൽഹി: കേരളത്തിലെ എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരഷ് ഗോപിക്ക് മറുപടിയുമായി രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്. സുരേഷ് ഗോപി കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കുകയാണെന്നും പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും ജോൺ ബ്രിട്ടാസ് തുറന്നടിച്ചു. ആരോഗ്യ രംഗത്ത് മികച്ചു നിൽക്കുന്ന കേരളത്തോട് മര്യാദ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിനും എയിംസിന് അർഹതയില്ലേയെന്നും മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ച ശേഷം കേരളത്തിന് എയിംസ് ലഭിച്ചാൽ മതിയെന്നാണോ നിലപാടെന്നും അദ്ദേഹം ചോദിച്ചു.

എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു, തൃശൂരിന്റെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഓർത്ത് അനുതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഇത്തവണ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്നും അത് ആലപ്പുഴയിലോ തൃശൂരിലോ ആയിരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് സുരേഷ് ഗോപി പറഞ്ഞിരുന്നു. ബജറ്റിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ വലിയ ട്രോളുകൾ വന്നിരുന്നു.

ഇതിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ 2016ൽ എയിംസ് പ്രഖ്യാപിച്ചതാണെന്നും അതിന്റെ ഭാഗമായി കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥലം കണ്ടെത്തി നൽകണമെന്നും വികസിപ്പിക്കാൻ സാധ്യതയുള്ള സ്ഥലമാകണം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണം രക്ഷപ്പെടാൻ വേണ്ടി സുരേഷ് ഗോപി നടത്തുന്നതാണെന്നും ജോൺ ബ്രിട്ടാസ് തുറന്നടിച്ചു.

പാർലമെന്റിലെ കേന്ദ്ര സർക്കാർ നിലപാടിനെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. സഭ നടത്തിക്കൊണ്ടുപോകാൻ സർക്കാരിന് താത്പര്യമില്ലെന്നും ചില വാക്കുകൾ പ്രത്യേകിച്ച് ഇന്ത്യ യുസ് കരാർ, എപ്‌സ്റ്റീൻ എന്നിവയെ കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ പാടില്ലെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. പാർലമെന്റ് അംഗങ്ങളെ പോലും കേന്ദ്രത്തിന് വിശ്വാസമില്ല. ബജറ്റ് കാൽ കാശിന് കൊള്ളില്ലെന്ന കാര്യം കേന്ദ്രത്തിന് മനസിലായി. വാണിജ്യം, വിദേശകാര്യം, ഗ്രാമീണം എന്നീ വിഷയങ്ങൾ ചർച്ചചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രം തയ്യാറല്ല. പ്രതിപക്ഷവുമായി ഒരു സഹകരണത്തിനും കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉത്തരാഖണ്ഡിലെ കൊട്ദ്വാറിൽ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മുഹമ്മദ് ദീപക്കിന് ലഭിക്കുന്ന പിന്തുണയിലും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ദീപക്കിന് ലഭിക്കുന്ന സഹായം സ്വാഗതാർഹമാണെന്നും അത്ഭുതകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെ കാലത്ത് പ്രകാശ കിരണമായി ദീപക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: John Brittas hits back at Union Minister Suresh Gopi over the AIIMS allocation for Kerala

To advertise here,contact us