മോദിയേക്കാൾ സ്വീകാര്യത രാഹുലിനൊപ്പമുള്ള ചിത്രത്തിന്; സമ്മർദം മൂലം സച്ചിൻ പോസ്റ്റ് ഡിലീറ്റാക്കിയെന്ന് കോൺഗ്രസ്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ടെണ്ടുൽക്കർ കുടുംബസമേതം ഡൽഹിയിലെത്തി പ്രമുഖ രാഷ്ട്രീയ നേതാക്കളെ മകൻ അർജുൻ ടെണ്ടുൽക്കറിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ്. കേരളത്തിലെ കോൺഗ്രസ് ഘടകമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകന്റെ വിവാഹം ക്ഷണിച്ച ശേഷം പ്രമുഖ ദേശീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടില്‍ സച്ചിൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രത്തേക്കാൾ ഇരട്ടി ലൈക്കുകളും കമന്റുകളും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സച്ചിന് മേൽ സമ്മർദമുണ്ടായെന്നും അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നുമാണ് കോൺഗ്രസ് എക്‌സ് പേജിലൂടെ ആരോപിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ടെണ്ടുൽക്കർ കുടുംബസമേതം ന്യൂഡൽഹിയിലെത്തി പ്രമുഖ രാഷ്ട്രീയ നേതാക്കളെ മകൻ അർജുൻ ടെണ്ടുൽക്കറിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. അന്നേ ദിവസം വൈകിട്ട് 7.13നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം സച്ചിൻ പങ്കുവെച്ചത്. പിന്നാലെ 8.18ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. 8.48ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനുമൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെ 9.22നാണ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. രാഹുൽ ഗാന്ധിക്കൊപ്പമുള്ള സച്ചിൻ്റെ ചിത്രത്തിന് അസാധാരണമായ സ്വീകരണമാണ് ലഭിച്ചതെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. രണ്ട് മണിക്കൂറിനുള്ളിൽ 627K വ്യൂസാണ് ഈ പോസ്റ്റിന് ലഭിച്ചതെന്നും പറയുന്നുണ്ട്. എന്നാൽ ഈ കുതിച്ചുചാട്ടം 'രാജാവിന്' അത്ര രസിച്ചില്ലെന്നും കോൺഗ്രസ് പോസ്റ്റിൽ പറഞ്ഞു.

ടെണ്ടുൽക്കറിന് മേൽ സമ്മർദം ശക്തമായതിനെ തുടർന്ന് അദ്ദേഹം ഈ പോസ്റ്റ് നീക്കം ചെയ്തെന്നും കോൺഗ്രസ് ആരോപിച്ചു. യൂസർമാർ ആക്ടീവ് അല്ലാത്ത സമയം ഇത് റീപോസ്റ്റ് ചെയ്യാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഭൂരിഭാഗം പേരും ഉറങ്ങുന്ന സമയം ഈ പോസ്റ്റിന് വലിയ ട്രാക്ഷൻ ലഭിക്കില്ലെന്ന് കരുതി 'രാജാവിന്റെ' ആളുകളുടെ നിർബന്ധം മൂലം ഇതേ പോസ്റ്റ് പിറ്റേദിവസം 12.19ന് അദ്ദേഹം റീപോസ്റ്റ് ചെയ്തുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം കേന്ദ്ര നേതൃത്വത്തിനെതിരെ ഒരു ഒളിയമ്പും പോസ്റ്റിലുണ്ട്. രാജ്യത്തിന്റെ പരമോന്നത ഇരിപ്പിടത്തിലിരിക്കുന്നവർക്ക് സോഷ്യൽ മീഡിയ വ്യൂസിന്റെ പേരിൽ ആത്മവിശ്വാസം ഇല്ലാതായാൽ അത് ശക്തിയല്ല, മറിച്ച് അധികാരത്തിന്റെ കുപ്പായത്തിനുള്ളിലെ ആഴത്തിലുള്ള ഭയാശങ്കയാണെന്നും പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.

Content Highlights: Congress Kerala alleged that Sachin Tendulkar deleted Picture with Rahul Gandhi over pressure

To advertise here,contact us