ഖർഗെ മിണ്ടരുതെന്ന് പറഞ്ഞിട്ടുണ്ട്, അതനുസരിക്കണം; മുഖ്യമന്ത്രിമാറ്റത്തിൽ കോൺഗ്രസ് നേതാക്കളോട് ഡി കെ ശിവകുമാർ

സിദ്ധരാമയ്യ, ഡികെ ക്യാമ്പിലെ നേതാക്കൾ മുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള പ്രസ്താവനകൾ ആവർത്തിച്ച് പറയുന്നതാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകാൻ കാരണം എന്നാണ് നിഗമനം

ബെംഗളൂരു: മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരണങ്ങൾക്ക് മുതിരരുതെന്ന് മുന്നറിയിപ്പ് നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വിഷയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരണങ്ങൾ വിലക്കിയിട്ടുണ്ടെന്നും, ഇത്തരം പ്രതികരണങ്ങൾ പാർട്ടിയുടെ മുഖച്ഛായയ്ക്ക് കളങ്കമേൽപ്പിക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

സദാശിവനഗറിലെ വീട്ടിൽവെച്ച് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ' മന്ത്രിമാരിൽ നിന്നും എംഎൽഎമാരിൽ നിന്നും തനിക്ക് അനുകൂലമായോ പ്രതികൂലമായോ ഉണ്ടാകുന്ന പ്രതികരണങ്ങൾ നല്ലതിനേക്കാൾ കൂടുതലായി പാർട്ടിക്ക് വലിയ കളങ്കമാണ് ഉണ്ടാക്കുക. മല്ലികാർജുൻ ഖർഗെ എല്ലാവരോടും മിണ്ടാതെയിരിക്കാൻ നേരത്തെ പറഞ്ഞതാണ്' എന്നാണ് ശിവകുമാർ പറഞ്ഞത്.

സിദ്ധരാമയ്യ, ഡികെ ക്യാമ്പിലെ നേതാക്കൾ മുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള പ്രസ്താവനകൾ ആവർത്തിച്ച് പറയുന്നതാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകാൻ കാരണം എന്നാണ് നിഗമനം. കഴിഞ്ഞ ദിവസം കർണാടക കോൺഗ്രസ് എംഎൽഎ ആയ ഇക്ബാൽ ഹുസൈൻ ശിവകുമാറിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. 80 മുതൽ 90 എംഎൽഎമാരുടെ പിന്തുണ ശിവകുമാറിന് ഉണ്ടെന്നും മുഖ്യമന്ത്രിപദം നൽകണമെന്നുമാണ് ഇക്ബാൽ ഹുസൈൻ പറഞ്ഞത്. അതിനും മുൻപായി സിദ്ധരാമയ്യയുടെ മകൻ തന്റെ പിതാവ് തന്നെ അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമെന്നും അതിൽ മാറ്റമില്ലെന്നും പറഞ്ഞിരുന്നു.

മുഖ്യമന്ത്രി മാറ്റത്തെ സംബന്ധിച്ച് തനിക്ക് ഒരു ആശയക്കുഴപ്പവുമില്ല എന്നും ശിവകുമാർ പറഞ്ഞു. താൻ അല്ല ആശങ്കയോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്നത്. മറ്റ് പലർക്കും ഉണ്ടാകാം. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംസാരിച്ചത് എന്ന് സിദ്ധരാമയ്യക്കും തനിക്കും അറിയാം. നേതാക്കൾക്കും അറിയാം. അനാവശ്യ പ്രസ്താവനകൾ ഒരാളെയും സഹായിക്കില്ല എന്നും ഡി കെ ശിവകുമാർ പറഞ്ഞു.

Content Highlights: Karnataka Deputy Chief Minister D. K. Shivakumar has warned Congress leaders against making public statements regarding the issue related to the Chief Minister’s post. He urged party members to avoid unnecessary reactions and maintain discipline, stating that such matters should be handled internally within the party leadership

To advertise here,contact us