ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് ജപ്പാൻ സ്വദേശികളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പൊലീസ്. യുമാ ടൊയോഡാ(25), ഹിബിക്കി ഷിബാ (25)എന്നിവരെയാണ് കാണാതായത്. ഇവർ വെള്ളിയാഴ്ച ഡൽഹിയിലെത്തിയതിന് പിന്നാലെ പിറ്റേദിവസമാണ് ജയ്പൂരിലേക്ക് തിരിച്ചത്. ഇവരെ കാണാനില്ലെന്ന് വിവരവുമായി ഒരു ടാക്സി ഡ്രൈവറാണ് പൊലീസിനെ സമീപിച്ചതെന്നും പരാതി ലഭിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അശോക്നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോത്തിലാൽ പറഞ്ഞു.
ജയ്പൂരിലെ ബ്രഹ്മപുരിയിലുള്ള ഒരു ഹോട്ടലിലാണ് ഇരുവരും തങ്ങിയിരുന്നത്. ഇവിടെ നിന്നും ഇവർ ഒരു ടാക്സി ബുക്ക് ചെയ്ത സമീപത്തുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിലേക്ക് പോയെങ്കിലും പിന്നീട് മടങ്ങിവന്നില്ലെന്നാണ് ടാക്സി ഡ്രൈവറുടെ മൊഴി. ഇവരെ കാത്ത് റെസ്റ്റോറന്റിന് പുറത്ത് ഡ്രൈവർ കാത്തുനിൽക്കുകയാണ് ഉണ്ടായത്.
രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് ശേഷം ഡ്രൈവർ റെസ്റ്റോറന്റിനുള്ളിൽ കയറി ഇരുവരെയും തിരക്കിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. റെസ്റ്റോറന്റ് ജീവനക്കോരാട് അന്വേഷിച്ചപ്പോള് അവർ മടങ്ങിയിട്ട് നേരമേറെയായെന്നാണ് ഡ്രൈവറോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു.
പാസ്പോർട്ട് അടക്കമുള്ള ഇവരുടെ രേഖകൾ അടങ്ങുന്ന ബാഗുകൾ സഹിതം ടാക്സിയിൽ ഉപേക്ഷിച്ചാണ് ഇരുവരും അവിടെനിന്നും പോയത്. റെസ്റ്റോറന്റിൽ നിന്ന് ഇവർ ഭക്ഷണം കഴിക്കുകയോ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ റെസ്റ്റോറന്റിൽ എത്തി അഞ്ച് മിനിറ്റിനുള്ളിൽ ഇവർ അവിടെ നിന്നും മടങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസ് ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറി പരിശോധിച്ചതിന് പിന്നാലെ ഇവർ ആറു ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ പാസ്പോർട്ടിന്റെ കാലാവധി വ്യാഴാഴ്ച വരെയാണ്. ഇരുവരുടെയും ഫോണും സ്വിച്ച്ഓഫാണ്. പൊലീസ് ഇവരുടെ ബന്ധുക്കളുടെ അടക്കം വിവരം ശേഖരിക്കാനായി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്.
Content Highlights: Two Japanese tourists have gone missing in Jaipur, Rajasthan