ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ നിരാശയെന്ന് ശശി തരൂര്‍ എംപി. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഗണിച്ചില്ലെന്നും കഴിഞ്ഞ വര്‍ഷം അനുവദിച്ച പല പദ്ധതികള്‍ക്കും കാര്യമായി പണം ചെലവഴിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുകയാണെന്നും തലക്കെട്ടുകള്‍ സൃഷ്ടിക്കാനുളളതായി ബജറ്റ് മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ലോക്സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്.
'കൃഷിക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ മാത്രമാണ് നീക്കിയിരിപ്പ്. കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കുരുമുളക് കൃഷിയെ അവഗണിച്ചു. സുഗന്ധവ്യഞ്ജന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വ്യക്തികള്‍ക്ക് നികുതി ബാധ്യത ഏറുന്നു. വന്‍കിട കമ്പനികള്‍ക്ക് കുറയുകയും ചെയ്യുന്നു. വിബി ജി റാംജി പദ്ധതി സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വര്‍ധിപ്പിക്കും. പുതിയ ജലപാതകളില്‍ കേരളത്തെ പരിഗണിക്കുമോ എന്ന് ഉറപ്പില്ല. കടല്‍ഭിത്തി നിര്‍മ്മാണത്തിന് നീക്കിയിരിപ്പില്ല', ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചെന്നും റെയില്‍വേ മേഖലയിലും കേരളത്തിന് അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ റോഡ് റെയില്‍ വികസനത്തിന് ഒന്നും പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Shashi Tharoor Crititize union budget ignoring kerala in loksabha