ന്യൂഡൽഹി: പ്രസിദ്ധീകരിക്കാനിരിക്കുന്ന ആത്മകഥയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സമൂഹമാധ്യമത്തിൽ പ്രതികരണവുമായി കരസേനാ മുൻ മേധാവി ജനറൽ എം എം നരവനെ. പ്രസാധകരായ പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചായിരുന്നു പ്രതികരണം. പുസ്തകം പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ് എന്നായിരുന്നു നരവനെയുടെ എക്സിലെ പോസ്റ്റ്. നരവനെയുടെ ആത്മകഥയായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി'യുടെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും, പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
This is the status of the book. https://t.co/atLtwhJvl0
പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ പ്രചരിക്കുന്നുവെന്ന വാർത്തകൾക്കും പാർലമെന്റിലെ രാഷ്ട്രീയ തർക്കങ്ങൾക്കും പിന്നാലെയായിരുന്നു പെൻഗ്വിന്റെ വിശദീകരണം. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത ബുക്കിലെ വിവരങ്ങൾ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിന് പുറമെ പല വെബ്സൈറ്റുകളും പുസ്തകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെൻഗ്വിൻ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.
മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യനങ്ങളിലടക്കം പുസ്തകത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. 2020ലെ ചൈന- ഇന്ത്യ സംഘര്‍ഷം ഉന്നയിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.
ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.
ഏറെ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്നിവീറുകള്‍ക്ക് ശമ്പളമായി നല്കാന് തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്നും പുസ്തകത്തില്‍ നരവനെ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight : Amid the ongoing controversy over MM Naravane's 'unpublished' book 'Four Stars of Destiny', the former Army chief has now reacted to the row.