ചെന്നൈ: ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥി ആയ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ കൂടിയാണ്.
ശനിയാഴ്ച രാത്രി ടി നഗറിലെ ഒരു ഹോട്ടലിലാണ് സംഭവം. ഷൂട്ടിങ് ആവശ്യത്തിനായി ചെന്നൈയിലെത്തിയതായിരുന്നു നടി. ഷൂട്ടിങ് തീർന്നശേഷം ഹോട്ടൽമുറിയിലെത്തിയ നടി മുറിയിലെ ഫോൺ കേടായത് റിസപ്ഷനിൽ അറിയിച്ചു. പിന്നാലെ റിസപ്ഷനിൽ ഉണ്ടായിരുന്ന അഫ്രീദി റൂമിലെത്തുകയും നടിയാണെന്ന് മനസിലാക്കിയതിന് പിന്നാലെ സെൽഫി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നടി ഇതിന് വിസമ്മതിച്ചപ്പോൾ അഫ്രീദി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.
നടി ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. പിന്നാലെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഒന്നും ചെയ്തിട്ടില്ലെന്നും ഫോൺ നന്നാക്കിയ ശേഷം മുറിയിൽ നിന്ന് പോയിരുന്നുവെന്നും ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണ് പിന്നീട് വന്നത് എന്നുമായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: A hotel employee in Chennai has been arrested for allegedly attempting to molest a young Malayali actress. The accused, who is a student, was working as a part-time employee at the hotel