ന്യൂ ഡൽഹി: പി എം കെയേഴ്സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. പി എം കെയേഴ്സ് ഫണ്ട്, പി എം നാഷണൽ റിലീഫ് ഫണ്ട്, നാഷണൽ ഡിഫൻസ് ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് വിലക്ക്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയേറ്റിനെ അറിയിച്ചു.
ജനുവരി 30നാണ് കേന്ദ്രസർക്കാർ ലോക്സഭാ സെക്രട്ടേറിയേറ്റിന് ഇത്തരത്തിലൊരു നിർദേശം നൽകിയത്. ലോക്സഭാ ചട്ടങ്ങളിലെ വകുപ്പ് 41(2) (viii), 41(2)(xvii) പ്രകാരം മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാനാകില്ല എന്നാണ് നിർദേശം. രാജ്യത്തിന്റെ സഞ്ചിത നിധിയിൽ നിന്നും പണം അനുവദിക്കുന്നില്ലെന്നും പൂർണമായും വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നുള്ള സംഭാവനകളാണ് പിഎം കെയേഴ്സിൽ ലഭിക്കുന്നത് എന്നതാണ് ചോദ്യങ്ങൾക്ക് വിലക്കേർപ്പെടുത്താൻ കാരണമായി പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
ഇതോടെ പി എം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് അറിയാനുള്ള എല്ലാ മാർഗവും അടഞ്ഞു. പി എം കെയേഴ്സ് പദ്ധതിയുടെ സുതാര്യതയെ സംബന്ധിച്ച് നേരത്തെതന്നെത്തന്നെ പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പി എം കെയേഴ്സ് ഫണ്ടിനെ എഫ്സിആർഎയുടെ എല്ലാ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സിഎജി ഓഡിറ്റുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിവരാവകാശ നിയമം വഴി പി എം കെയേഴ്സ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ നേടിയെടുക്കാനും സാധ്യമല്ല. ഇതിനെല്ലാം പുറമെയാണ് പാർലമെന്റിൽ ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിലക്ക് വരുന്നത്.
കൊവിഡ് മഹാമാരിക്കാലത്ത് 2020 മാർച്ച് 28നാണ് പി എം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റ് അയാൻ ഇത് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. ദുരന്തം, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ചാണ് പി എം കെയേഴ്സ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ് ഒഫിഷ്യോ ചെയർമാൻ.
Content Highlights: The central government has imposed restrictions in the Lok Sabha on questions related to the PM CARES Fund, PM National Relief Fund, and the National Defence Fund. The move bars members from raising queries regarding these funds in Parliament