പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തു; അധ്യാപികയുടെ മുഖത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി; സംഭവം ഗുജറാത്തില്‍

'എന്റെ വീട്ടില്‍പ്പോലും ആരും ഒന്നും ചോദിക്കാറില്ല, നീ ആരാണ് ചോദ്യംചെയ്യാന്‍' എന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയുടെ അതിക്രമം

അഹമ്മദാബാദ്: പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്തടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന അധ്യാപികയെ അപായപ്പെടുത്തുമെന്നും വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തി. വിദ്യാര്‍ത്ഥി അധ്യാപികയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഹമ്മദ് ഖാന്‍ അന്‍സാരി എന്ന വിദ്യാര്‍ത്ഥിയാണ് അധ്യാപികയെ മര്‍ദിച്ചത്.

ജനുവരി 24നായിരുന്നു സംഭവം. പ്ലസ് ടു മോഡല്‍ പരീക്ഷയ്ക്ക് മുഹമ്മദ് ഖാന്‍ വൈകിയാണ് എത്തിയത്. എന്തുകൊണ്ടാണ് വൈകിയതെന്ന് വനിതാ ഇന്‍വിജിലേറ്റര്‍ ചോദിച്ചു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി, 'എന്റെ വീട്ടില്‍പ്പോലും ആരും എന്നോട് ഒന്നും ചോദിക്കാറില്ല, നീ ആരാണ് എന്നെ ചോദ്യംചെയ്യാന്‍?' എന്ന് ചോദിച്ചാണ് അധ്യാപികയുടെ മുഖത്തടിച്ചത്. ഭയന്ന് അധ്യാപിക പിന്നോട്ട് മാറുന്നതും ക്ലാസില്‍ ഉണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് ഖാനെ തടയാനായി എഴുന്നേല്‍ക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് അധ്യാപികയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ജനുവരി 27ന് വിദ്യാര്‍ത്ഥി പിതാവിനും ഇരുപതംഗ സംഘത്തിനുമൊപ്പം സ്‌കൂളിലെത്തി അധ്യാപികയെ ഭീഷണിപ്പെടുത്തുകയായിരുന്നു. മാപ്പ് പറയാനാണ് താന്‍ കൂട്ടാളികള്‍ക്കൊപ്പം സ്‌കൂളില്‍ പോയതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ വിശദീകരണം.

Content Highlights: Plus Two student slaps teacher who questioned him for being late for exam in gujarat

To advertise here,contact us