ന്യൂഡല്‍ഹി: ഗർഭം തുടരാൻ ഒരു സ്ത്രീയോടും നിർബന്ധിക്കാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സ്ത്രീയെയും പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെൺകുട്ടിയെയും അവര്‍ക്ക് താത്പര്യമില്ലാത്ത ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ഗര്‍ഭത്തിനിടയാക്കിയ ബന്ധം ഉഭയസമ്മതപ്രകാരമാണോ അതോ ലൈംഗിക പീഡനമാണോ എന്ന കാര്യം പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടി നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. മുപ്പത് ആഴ്ച പിന്നിട്ട കുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകി. ഗർഭം അലസിപ്പിക്കാൻ അനുമതി തേടി പെൺകുട്ടി കീഴ്ക്കോടതികളെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇതോടെയാണ്
സുപ്രീംകോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭം ധരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാൽ അമ്മയാകണോ എന്ന തീരുമാനമെടുക്കാൻ കുട്ടിക്ക് അവകാശമുണ്ട്. അതേസമയം തന്നെ കുട്ടിയെ അമ്മയാകാൻ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം ഹനിക്കുന്ന സാഹചര്യമാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്ക് ഗര്‍ഭം തുടരാന്‍ താത്പര്യമില്ലെന്ന് പറയുമ്പോള്‍ അതിന് നിര്‍ബന്ധിക്കാന്‍ കഴിയില്ല. മുംബൈയിലെ ആശുപത്രിയില്‍ ഇതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുമ്പ് ബലാത്സംഗത്തിന് ഇരയായും മറ്റും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിച്ച കേസുകളില്‍ 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ കോടതികള്‍ അനുമതി നല്‍കിയിരുന്നില്ല.
Content Highlights: The Supreme Court ruled that no woman, especially a minor, can be forced to continue a pregnancy