ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ഒരു ബന്ധം വഷളാകുമ്പോൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്ത് പീഡന കേസുകൾ ഫയൽ ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധം പുലർത്തിയ ശേഷം തന്നെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കാട്ടി പരാതി നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടി പറഞ്ഞു. വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കി എന്ന കാര്യം വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹിതയായ ഒരു സ്ത്രീക്ക് വീണ്ടും വിവാഹം ചെയ്യാൻ സാധുതയില്ലെന്നും അവരുടെ വിവാഹബന്ധം നിയമപരമായി നിലനിൽക്കേ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് കാട്ടി വനിതാ അഭിഭാഷക നൽകിയ പരാതിയിൽ ഛത്തീസ്ഗഡ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇത്തരത്തിൽ നിരീക്ഷിച്ചത്. പരാതിക്കാരി വിവാഹിതയാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധം പിന്നീട് ശത്രുതയിലേക്ക് മാറിയതാണെന്നും കോടതി പറഞ്ഞു. ഇത്തരം പരാതികൾ വിശ്വാസയോഗ്യമല്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: Married woman can't claim assault on False marriage promise says Supreme Court